News
അമേരിക്കയിലെ 'ഭവനരഹിതനായ യേശുവിനെ' കാണാനായി ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 26-08-2015 - Wednesday
ഈ വരുന്ന സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ U.S സന്ദർശിക്കുന്ന അവസരത്തിൽ, വാഷിംഗ്ടന്റെ പ്രാന്തപ്രദേശത്തുള്ള കാത്തലിക് ചാരിറ്റീസ് ബിൽഡിംഗില് പാർക്ക് ബഞ്ചിൽ കിടക്കുന്ന ഭവനരഹിതനെ സന്ദർശിച്ചേക്കും എന്ന് കരുതുന്നു.
അതൊരു ശിൽപ്പമാണ്! വെങ്കലത്തിൽ തീർത്ത ഒരു ശില്പം. അവിടെ ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലെ ഏതെങ്കിലും ഒരു ഭവനരഹിതനെയല്ല - 'ഭവനരഹിതനായ യേശു'വിനെയാണ്.
ഈ വർഷം ആദ്യം വരെ ഭവനരഹിതനായിരുന്ന വാഷിംഗ്ടൺ നിവാസിയായ റോളണ്ട് വുഡ്ഡി പറയുന്നു, "ഫ്രാൻസിസ് മാർപാപ്പ വരുമ്പോൾ അദ്ദേഹം ഞങ്ങളുടെ 'ഭവനരഹിതനായ യേശു' വിനെ ആശിർവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ആ ശില്പം വാഷിംഗ്ടണിലെ ഭവന രഹിതരുടെ പ്രതീക്ഷയുടെ പ്രതീകമാണ്.
2013 നവംബറിൽ വത്തിക്കാനിലെ ഒരു പൊതു ചടങ്ങിൽ വച്ച് ഇതുപോലൊരു 'ഭവനരഹിതനായ യേശു' വിന്റെ ശില്പം മാർപാപ്പ ആശിർവദിക്കുകയുണ്ടായി. അതിന്റെ ശില്പി, ടൊറന്റോയിൽ നിന്നുള്ള ടിമോത്തി ഷ്വൽസിനെ മാർപാപ്പ അഭിനന്ദിക്കുകയും, ആ ശില്പം യേശുവിന്റെ വളരെ നല്ല ഒരു ചിത്രീകരണമാണ് എന്ന് പറയുകയും ചെയ്തു.
ടിമോത്തി ഷ്വൽസ് തന്നെയാണ് വാഷിംഗ്ടൻ പ്രാന്തപ്രദേശത്തുള്ള പാർക്ക് ബഞ്ചിൽ നൃഷ്ടിച്ചിരിക്കുന്ന കലാരൂപത്തിന്റെയും ശിൽപ്പി. U.S-ലെയും കാനഡയിലെയും പല നഗരങ്ങളിലും അദ്ദേഹം നിർമ്മിച്ചിട്ടുള്ള സമാനമായ കൃസ്തുശിൽപ്പങ്ങൾ പ്രദർശനത്തിലുണ്ട്.
2013-ൽ നടന്ന, വത്തിക്കാനിലെ ശില്പത്തിന്റെ ആശീർവാദവേളയിൽ അവിടെയുണ്ടായിരുന്ന വാഷിംഗ്ടൻ കാർഡിനാൾ ഡൊനാൽഡ് എം വേൾ മുഖാന്തിരമാണ് അതേ മാതൃകയിലുള്ള ഒരു ശില്പം വാഷിംഗ്ടണിലുമെത്തുന്നത്.
ഭവനരഹിതർക്കു വേണ്ടി ബുധനാഴ്ച തോറും നടത്താറുള്ള അത്താഴവിരുന്നിനിടയ്ക്ക് കാത്തലിക്ക് ചാരിറ്റിയുടെ CEO ആയമൊൺസിഞ്ഞോർ ജോൺ എൻസ്ലർ പറയുന്നു. "ആദ്യകാഴ്ചയിൽ ഭവനരഹിതനായ ഒരജ്ഞാതൻ പുതപ്പു കൊണ്ട് പുതച്ച് പാർക്ക് ബെഞ്ചിൽ കിടക്കുന്നതായി തോന്നും. നമ്മൾ അടുത്തെത്തി കഴിയുമ്പോൾ മാത്രമേ മനസ്സിലാകു അതൊരു ശില്പമാണെന്ന്."
ഭവന രഹിതരിൽ പലർക്കും ഒറ്റനോട്ടത്തിൽ തന്നെ അതൊരു കൃസ്തുശില്പമാണെന്ന് മനസിലാകാറുണ്ട്. മൊൺ. എൻസ്ലർ പറയുന്നു,' "എങ്ങിനെയെന്നറിയില്ല. അതവർക്ക് പെട്ടന്ന് മനസ്സിലാകും.''
2011-ൽ തന്റെ ആദ്യ ശില്പം നിർമ്മിക്കുന്ന വേളയിൽ ശില്പി ഷ്വൽസിന്റെ ആഗ്രഹം അതു തന്നെയായിരുന്നു - കാഴ്ചക്കാരിൽ 'അത് കൃസ്തുവല്ലെ' എന്ന ഒരു തോന്നൽ ഉണർത്തുക. അതിൽ അദ്ദേഹം വിജയിച്ചു.
കാഴ്ചക്കാർ രണ്ടാമതൊരിക്കൽ കൂടി നോക്കാൻ നിർബന്ധിതരാകുന്നു. മുഖം മറച്ച രൂപം. അവരുടെ നോട്ടം കാലുകളിൽ എത്തുമ്പോൾ അവർ ഞെട്ടി ഉണരുന്ന പ്രതീതി! പാദങ്ങളിൽ മുറിപ്പാട്! അത് യേശുവാണ്!
വാഷിംഗ്ടണിലെ 'ഭവനരഹിതനായ യേശു' എന്ന ഈ ശില്പം , പാവപ്പെട്ടവരോട് കൂടുതൽ കരുണ കാണിക്കാനുള്ള ഒരു പ്രചോദനം കാഴ്ചക്കാരിൽ ഉണർത്തുന്നതായി മൊൺ. എൻസ്ലർ പറയുന്നു.
ഭവനരഹിതർ ഇവിടെയെത്തി പ്രാർത്ഥന അർപ്പിച്ചു കൊണ്ട് പറയുന്നു, "ഇത് നമ്മുടെ സ്മാരകമാണ്, ഇത് നമ്മുടെ വിയറ്റ്നാം സ്മാരകമാണ്, ഇത് നമ്മുടെ ലിങ്കൺ സ്മാരകമാണ്."