News

ചൈനയിൽ ക്രിസ്തുമതം അതിവേഗം വളരുന്നു. വിശ്വാസികളിൽ ഏറെയും വിദ്യാസമ്പന്നർ.

അഗസ്റ്റസ് സേവ്യർ 19-08-2015 - Wednesday

ചൈനയിൽ ക്രിസ്തുമതം അതിവേഗം വളരുകയാണ്; 2030-ൽ എത്തിച്ചേരുമ്പോൾ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ രാജ്യമായി മാറും എന്ന് വിദഗ്ദ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി 'The Telegraph' റിപ്പോർട്ട്‌ ചെയ്യുന്നു.

ചൈനയിൽ ക്രൈസ്തവരുടെ എണ്ണം പ്രതിവർഷം ഏഴു ശതമാനം വീതം കൂടുന്നുണ്ടന്ന് പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ബെയ്ലർ യൂണിവേഴ്സിറ്റിയിൽ Institute for Studies of Religion -ന്റെ കോർഡിനേറ്ററുമായ റോഡ്നി സ്റ്റാക്ക് പറയുന്നു.

ഒരു സാമൂഹ്യ ചരിത്രകാരൻ കൂടിയായ സ്റ്റാക്കും, സ്വാഹ് വാങ്ങും ചേർന്നെഴുതിയ A Star in the East: The Rise of Christianity in China എന്ന പുസ്തകത്തിൽ ചൈനയിലെ കൃസ്തുമതത്തിന്റെ വളർച്ചയുടെ ഒരു പഠനം ഇങ്ങനെ പോകുന്നു : 1980-ൽ ഒരു കോടി : 2007-ൽ 6 കോടി. അതായത് 7 ശതമാനം വാർഷീക വളർച്ച! അങ്ങനെയെങ്കിൽ 2014-ൽ ചൈനയിൽ 10 കോടി ക്രൈസ്തവർ ഉണ്ടായിരുന്നിരിക്കണം. ചൈനയിലെ ക്രിസ്തീയ വിശ്വാസികളിൽ ഏറെയും വിദ്യാഭ്യാസമുള്ളവരാണ് എന്ന് ലേഖകർ പ്രത്യേകം എടുത്തു പറയുന്നു.

ഏഷ്യയിലെ പരമ്പരാഗത സംസ്കാരവും ആധുനീക ശാസ്ത്ര നിരീക്ഷണങ്ങളും പ്രതിപ്രവർത്തിക്കുമ്പോളുണ്ടാകുന്ന അനൗചിത്യം, ചിന്തിക്കുന്ന മനുഷ്യനെ ഒരു വലിയ അത്മീയ ശൂന്യതയിലേക്ക് നയിക്കുന്നു. അവിടെ അമ്പരന്നു നിൽക്കുന്ന മനുഷ്യൻ ക്രിസ്തുമതത്തിന്റെ പ്രബോധനങ്ങളുടെ കാലിക പ്രസക്തിയിൽ ആകൃഷ്ടരായി സഭാ വിശ്വാസികളാകുന്നു എന്ന് ലേഖകർ സമർത്ഥിക്കുന്നു.

Taoism, comfuscianism, Buddhism ഇത്യാദി പൗരസ്ത്യ മതങ്ങൾ എല്ലാം തന്നെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു. കാരണം അവയെല്ലാം ഒരു സുവർണ്ണ ഭൂതകാലത്തെ ആഘോഷിക്കുന്നു; പക്ഷേ വർത്തമാനകാലത്തേയും ഭാവികാലത്തേയും പരിത്യജിക്കാനുള്ള ഉപദേശമാണ് അവ നല്കുന്നത്.വർത്തമാനകാലത്തിൽ അനുഭവവേദ്യമാകുന്ന ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളാൻ പൗരസ്ത്യമതങ്ങൾക്കാവുന്നില്ല.

വ്യാവസായികസമൂഹത്തെയും അതിന്റെ അടിത്തറയായ ശാസ്ത്രത്തേയുംനിരാകരിച്ചുകൊണ്ടുള്ള കാഴ്ചപ്പാടാണ് ഈ മതങ്ങൾ കാഴ്ചവെയ്ക്കുന്നത്.

ചൈനയിൽ ക്രിസ്തുമതത്തിലേക്ക് എത്തിച്ചേരുന്നവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നവരാകാനുള്ള കാരണവും മേൽ സൂചിപ്പിച്ച ചിന്താഗതി തന്നെയാണ്.

1960-കളിലെ മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ പോലും ക്രിസ്തീയ മതപരിവർത്തനം തുടർന്നുകൊണ്ടിരുന്നു - ആ സമയത്ത് അത് അദൃശ്യമായിരുന്നു എന്നു മാത്രം.

മതപരിവർത്തനം ഒരു സാമൂഹ്യ കൂട്ടായ്മയിൽ നിന്നുമാണ് ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ അവ ഭരണകൂട നേത്രങ്ങൾക്ക് അഗോചരമാണ്.

സാമൂഹ്യ കൂട്ടായ്മകൾ ഏറ്റവും ശക്തമായിരിക്കുന്നത് ഗ്രാമങ്ങളിലാണ്. അക്കാരണത്താല് ഗ്രാമങ്ങളിലാണ് ക്രിസ്തുമതം വളരെ പെട്ടന്ന് വ്യാപിക്കുന്നത് എന്നും സ്റ്റാക്ക് പറയുന്നു.

16-ാം നൂറ്റാണ്ടിൽ തന്നെ ജസ്യൂട്ട് മിഷിനറികൾ ചൈനയിൽ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായപ്പോൾ ചൈനയിൽ 5700 വിദേശ മിഷിനറികളും - 35 ലക്ഷത്തോളം ക്രിസ്തുമതവിശ്വാസികളും ഉണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്തുമത പീഡനം തുടങ്ങുകയും ഒപ്പം തന്നെ സ്വന്തമായി ഒരു കത്തോലിക്കാ മതം തുടങ്ങി വയ്ക്കുകയും ചെയ്തു. കമ്മൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിഭാഗം യഥാർത്ഥ ക്രിസ്തുമതത്തെ ഇല്ലായ്മ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതായിരുന്നു.

പക്ഷേ, ഈ ആഗസ്റ്റ് 4-ാം തിയതി ചൈനയിൽ അതിപ്രധാനമായ ഒരു സംഭവം അരങ്ങേറി. 60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുസഭയുടെ ഒരു മെത്രാന്റെ നിയമനം ചൈനീസ് ഭരണകൂടം അംഗീകരിച്ചു. Fr. ജോസഫ് സാങ്ങ് , വീഹു പ്രവശ്യയിൽ സഹ മെത്രാനായി അധികാരമേറ്റു. വത്തിക്കാന്റെ നിയമനം ചൈനീസ് ഭരണകൂടം അംഗീകരിച്ചതോടെ ഒരു ക്രിസ്തീയ മുന്നേറ്റത്തിന് ചൈന ഒരുങ്ങുകയാണ് എന്ന് നമുക്ക് അനുമാനിക്കാം.

ചൈനീസ് ഭരണകൂടവും വത്തിക്കാനുമായി ഒരു ധാരണയിൽ എത്തിചേർന്നതോടെ ഇനി യഥാർത്ഥ ക്രിസ്തുമതത്തിന് തുറന്ന ലോകത്ത് ക്രിസ്തീയ പ്രവർത്തനങ്ങൾ നടത്തുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഗ്രാമങ്ങളിൽ പലയിടത്തും പാർട്ടി നേതാക്കളുടെ വീടുകളിൽ പോലും കുരിശ്ശടയാളം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു എന്നത് ലോക ക്രിസ്ത്യൻ സമൂഹത്തിന് ഏറെ ആഹ്ലാദം പകരുന്നു.

ഈ വിധത്തിൽ തുടർന്നാൽ 2020-ൽ ചൈനയിൽ 15 കോടി ക്രിസ്തുമത വിശ്വാസികൾ ഉണ്ടാകും എന്ന് സ്റ്റാക്ക് അനുമാനിക്കുന്നു. 2040-ൽ ഏകദേശം 58 കോടി ക്രിസ്ത്യാനികൾ ചൈനീസ് വൻ കരയിലുണ്ടാകും.

More Archives >>

Page 1 of 4