News - 2025

കുടുംബം, ജോലി, പ്രാർത്ഥന- ഈ മൂന്നു ഘടകങ്ങളുടെ കൃത്യമായ സമന്വയത്തിലാണ് മനുഷ്യ ജീവിതം ധന്യമാകുന്നത്: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 20-08-2015 - Thursday

വത്തിക്കാൻ സിറ്റി(CNS)- മനുഷ്യമഹത്വം പ്രകാശിപ്പിക്കുന്ന മൂന്ന് ഘടകങ്ങളാണ് കുടുംബവും ജോലിയും പ്രാർത്ഥനയും. മനുഷ്യ ജീവിതം ധന്യമാകുന്നത് ഈ മൂന്നു ഘടകങ്ങളുടെ കൃത്യമായ സമന്വയത്തിലാണ്. പക്ഷേ കുടുംബബന്ധങ്ങൾ ജോലിക്കാരന്റെ ഉത്പാദനക്ഷമതയ്ക്ക് വിഘാതമുണ്ടാക്കുന്ന ഒരനാവശ്യ ഘടകമാണ് എന്നു ചിന്തിക്കുന്ന പുതിയ പ്രവണത അപകടകരമാണെന്ന് ഓഗസ്റ്റ് 19-ലെ പ്രതിവാര പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.

''കുടുംബ ബന്ധങ്ങൾ തകർത്തു കൊണ്ട് എന്ത് ഉത്പാദനക്ഷമത, ആർക്കു വേണ്ടി ?..." പിതാവ് ചോദിച്ചു.

ജോലി എന്തുമാകട്ടെ, നൂറു കണക്കിന് രൂപഭേദങ്ങളിൽ കാണപ്പെടുന്ന ജോലി എന്ന ജീവിത ഘടകത്തിന്റെ പ്രഥമമായ ഉദ്ദേശം സാമൂഹ്യ നന്മയാണ്. വീട്ടിലുള്ള ജോലിയാകട്ടെ, പുറമെയുള്ള ജോലിയാകട്ടെ. അത് സൃഷ്ടിയാണ്. ദൈവത്തിന്റെ പ്രവർത്തനത്തിൽ പങ്കുചേരലാണ്.

ഒരാൾ കഠിനാധ്വാനി ആണെന്നു പറയുന്നത് ഒരു പ്രശംസയാണ്; ഒരാൾ ഒരു ഇത്തിക്കണ്ണി എന്ന് പറയുന്നത് പരിഹാസവും. തെസ്സലോണിയക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ സെന്റ് പോൾ പറയുന്നത് പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിൽ ഭക്ഷണത്തിന് അർഹരല്ല!"

മാർപാപ്പ തുടർന്നു പറഞ്ഞു."തൊഴിൽ, അത് ഏത് രൂപത്തിലായാലും, മനുഷ്യനിലെ ദൈവാംശത്തെ പുറത്തു പ്രകടിപ്പിക്കുന്ന പ്രവർത്തിയാണ്. അത് വിശുദ്ധമാണ്. ''

വ്യക്തിയുടെ നിർവചനത്തിൽ അയാളുടെ തൊഴിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. തൊഴിൽ അയാൾക്ക് സ്വന്തം കുടുംബം രൂപീകരിക്കാനും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാനുമുള്ള കഴിവും അവസരവും നൽകുന്നു. ഇതിൽ നിന്നും തൊഴിലിന്റെ മാഹാത്മ്യം നാം മനസിലാക്കേണ്ടതാണ്.''

തൊഴിലിനുള്ള അവസരങ്ങൾ ഒരുക്കുക എന്ന മഹത്തായ ദൗത്യം നിർവ്വഹിക്കുന്നത് സമൂഹവും അതിലെ മനുഷ്യരുമാണ്. ആ ദൗത്യം ഏതാനും പേർക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ല. ഭാഗ്യമുള്ളവർക്ക് ജോലി എന്നും കരുതാനാവില്ല.

"ജോലി നഷ്ടപ്പെടുത്തുന്നത് ഒരു സാമൂഹ്യ ദ്രോഹമാണ്." പിതാവ് പറഞ്ഞു.

"എല്ലാവർക്കും ജോലി ലഭിക്കുന്നില്ല എന്ന വസ്തുത ഏറെ സങ്കsങ്കരമാണ്. അന്നന്നത്തേയ്ക്കുള്ള അപ്പം വീട്ടിലേക്ക് വാങ്ങിച്ചു കൊണ്ടു പോകാൻ കഴിവില്ലാത്ത, ജോലിയൊന്നും ലഭിക്കാതെ തെരുവിൽ അലയുന്ന സഹോദരരെ ഓർത്ത് ഞാൻ ഖേദിക്കുന്നു."

"ഭരണകൂടങ്ങൾ തൊഴിൽ സൃഷ്ടിക്കാനായി വലിയ ശ്രമങ്ങൾ നടത്തുന്നതു കാണുമ്പോൾ ഞാൻ അങ്ങേയറ്റം ആഹ്ളാദിക്കുന്നു. ജോലി ഒരു വ്യക്തിക്ക് നൽകുന്നത് വെറും പണം മാത്രമല്ല; പ്രത്യുത, ഒരു മേൽവിലാസമാണ്. കുടുംബത്തിനായി ഭക്ഷണം നേടുന്നവൻ. അതില്ലാതെ വന്നാൽ അവന്റെ ജീവിതം അർത്ഥരഹിതമായി മാറുന്നു."

"നമ്മുടെ ജീവിതതാളക്രമത്തിലെ അവിഭാജ്യ ഘടകമാണ് ജോലി. അതിനു ശേഷമുള്ള വിശ്രമവും വിനോദവും കുടുംബാന്തരീക്ഷത്തിൽ ശാന്തി കൈവരുത്തുന്നു. ആ ജീവിതതാളം പൂർണ്ണമാകുന്നത് പ്രാർത്ഥനയിലാണ്. പ്രാർത്ഥനാ സമയം ദൈവത്തോടുള്ള നന്ദി പ്രകാശന വേളയാണ്. നിങ്ങളുടെയത്രയും ഭാഗ്യമില്ലാത്ത നിങ്ങളുടെ സഹോദരരെ കൂടി ആ പ്രാർത്ഥനയിൽ നിങ്ങൾ ഓർമ്മിക്കുക."

"തൊഴിലാളിയെ പണമുണ്ടാക്കുന്ന യന്ത്രമായി മാത്രം കാണുന്ന, കുടുംബം ജോലിക്കൊരു തടസ്സമായി കാണുന്ന, തെറ്റായ ഒരു വീക്ഷണം വളർന്നു വരുന്നുണ്ട്. അതിനെതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു."

കുടുംബമാണ് തൊ ഴിൽ നിയമങ്ങളുടെ പരീക്ഷണശാല. തൊഴിൽ ദാതാവ് കുടുംബ ജീവതത്തിന് അരോചകമായ തൊഴിൽ നിയമങ്ങൾ കൊണ്ടുവരുന്നത് സമൂഹത്തിന്റെ തന്നെ പുരോഗതിയെ മുരടിപ്പിക്കും

പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് മാർപാപ്പ പറഞ്ഞു, "ദൈവത്തിന്റെ സൃഷ്ടിയെ പറ്റിയും ദൈവ പദ്ധതികളെ പറ്റിയും ലോകത്തിന് മനസ്സിലാക്കി കൊടുക്കേണ്ട കടമ ഓരോ കൃസ്തീയ കുടുംബങ്ങൾക്കുണ്ട്. സ്ത്രീ പുരുഷ ബന്ധത്തെ പറ്റിയും, കുട്ടികളുടെ പ്രജനനത്തെ പറ്റിയുമെല്ലാം ദൈവം ചില പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. അതുമൂലമാണ് ഭൂമി ആവാസയോഗ്യമായിരിക്കുന്നത്.

''തൊഴിൽ നിയമങ്ങൾ കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയാൽ ദൈവീക പദ്ധതി പരാജയപ്പെടും. ഈ ഭൂമിയിലെ ആവാസവ്യവസ്ഥ തന്നെ അപകടത്തിലാകും."

ലാഭം മാത്രം മുന്നിൽ കണ്ടുള്ള തൊഴിൽ നിയമങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളെയാണ്.

"ആ പാവപ്പെട്ട കുടുംബങ്ങൾ ഗോലിയാത്ത് എന്ന ഭീമന്റെ മുമ്പിൽ നിൽക്കുന്ന ദാവീദിനെ പോലെയാണ്. പക്ഷേ, നിരാശപ്പെടേണ്ട ! ആ കഥ എങ്ങനെ അവസാനിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ !" പാപ്പ പറഞ്ഞു.

More Archives >>

Page 1 of 4