News

യുഎസിലെ വൈദികരില്‍ ഇനി 'ടോപ്പര്‍' മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍

സ്വന്തം ലേഖകന്‍ 20-07-2016 - Wednesday

ഹാരിസ്ബര്‍ഗ്: 104-ാം വയസിലും വിശ്വാസതീഷ്ണതയുടെ യൗവനമാണ് വിന്‍സെന്റ് ടോപ്പര്‍ എന്ന യുഎസിലെ ഏറ്റവും പ്രായം കൂടിയ വൈദികന്റെ കൈമുതല്‍. ദൈവമനുവദിച്ചാല്‍ ജൂലൈ 28-നു മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ എന്ന കത്തോലിക്ക പുരോഹിതന്‍ തന്റെ 104-ാം ജന്മദിനം ആഘോഷിക്കും. യുഎസിലെ ഏറ്റവും പ്രായം കൂടിയ വൈദികന്‍ എന്ന ബഹുമതിയും ഇതോടെ അദ്ദേഹത്തെ തേടി എത്തും. 104-ാം വയസിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനും ജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാനും ഫാദര്‍ വിന്‍സെന്റ് ടോപ്പര്‍ക്ക് കഴിയുന്നുണ്ട്.

പാരമ്പര്യമായി ക്ഷയരോഗം മൂലം ഏറെ കഷ്ട്ടപ്പെട്ടിരിന്ന ഒരു കുടുംബത്തിലാണ് വിന്‍സെന്റ് ടോപ്പര്‍ ജനിച്ചത്. വിന്‍സെന്റ്-ഫ്‌ളോറാ ടോപ്പര്‍ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമത്തെ മകനായി ക്ഷയ രോഗത്തോടെയാണ് വിന്‍സെന്റ് ടോപ്പര്‍ ജനിച്ചത്. തങ്ങളുടെ മകന്‍ ഭൂമിയില്‍ അധിക ദിവസങ്ങള്‍ ജീവിച്ചിരിക്കുവാന്‍ സാധ്യതയില്ലയെന്ന്‍ മനസിലാക്കിയ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജനിച്ച അതേ ദിവസം തന്നെ വിന്‍സെന്റ് ടോപ്പറിനെ മാമോദീസാ മുക്കി. ഉടന്‍ മരിക്കുമെന്ന് എല്ലാവരും കരുതിയ കുഞ്ഞു വിന്‍സെന്റ് ടോപ്പറിനെ കുറിച്ചുള്ള ദൈവീക പദ്ധതി മനുഷ്യ ബുദ്ധിക്കതീതമായിരുന്നു. രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ തന്നെ വിന്‍സെന്റ് ടോപ്പര്‍ എന്ന ബാലന്‍ തന്റെ ജീവിതലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞു. തനിക്ക് വൈദികനാകണമെന്ന് അവന്‍ മാതാപിതാക്കളോട് പറഞ്ഞു.

ഒരേ സമയം മാതാപിതാക്കള്‍ക്ക് സന്തോഷവും സങ്കടവും തന്റെ തീരുമാനം മൂലം ഉണ്ടായതായി വിന്‍സെന്റ് ടോപ്പര്‍ ഓര്‍ക്കുന്നു. തങ്ങളുടെ കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുവാന്‍ ആളില്ല എന്നതിനാലാണ് മാതാപിതാക്കള്‍ക്ക് സങ്കടമുണ്ടായത്. എന്നാല്‍, ദൈവഹിത പ്രകാരം ജീവിക്കുവാനുള്ള വഴി തന്നെ അവസാനം വിന്‍സെന്റ് ടോപ്പര്‍ തെരഞ്ഞെടുത്തു.

പതിനഞ്ച് വയസുള്ളപ്പോള്‍ തന്റെ ആത്മീയ ഗുരുക്കന്‍മാരുടെ നേതൃത്വത്തല്‍ ലാട്രോബിലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ആര്‍ച്ചാബൈ സെമിനാരിയില്‍ പ്രവേശനത്തിന് വിന്‍സെന്റ് ടോപ്പര്‍ ശ്രമിച്ചു. മൂന്നു മാസത്തേക്ക് താല്‍ക്കാലികമായിട്ടാണ് ആദ്യം അദ്ദേഹത്തിന് അവിടെ പ്രവേശനം ലഭിച്ചത്. ലാറ്റിന്‍, ഗ്രീക്ക് ഭാഷകള്‍ പഠിക്കുവാന്‍ ആദ്യം ബുദ്ധിമുട്ടുകള്‍ നേരിട്ട വിന്‍സെന്റ് ടോപ്പര്‍ ക്രമേണ എല്ലാറ്റിലും കഴിവ് തെളിയിച്ചു. 1939 ജൂണ്‍ ആറാം തീയതിയാണ് ഹാരിസ്ബുര്‍ഗ് രൂപതയുടെ അധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ലീച്ചിന്റെ കൈയില്‍ നിന്നും വിന്‍സെന്റ് ടോപ്പര്‍ വൈദിക പട്ടം സ്വീകരിച്ചത്.

ഇന്ന്‍ നൂറ്റിനാലാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ ആറു ഇടവകകളില്‍ ഏഴു ബിഷപ്പുമാരുടെയും എട്ടു മാര്‍പാപ്പമാരുടെയും കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പറിന് ലഭിച്ചു. 1978-ല്‍ ദീര്‍ഘകാലത്തെ തന്റെ ഇടവകകളിലെ സേവനത്തില്‍ നിന്നും ടോപ്പര്‍ വിരമിച്ചു. പിന്നീട് ഹാരിസ്ബുര്‍ഗ് രൂപതയുടെ ഓഡിറ്ററായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. ഇപ്പോള്‍ ഹാരിസ്ബുര്‍ഗിലുള്ള സെന്റ് കാതറിന്‍ ലബൗറി കത്തീഡ്രല്‍ പള്ളിയോടു ചേര്‍ന്നാണ് മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ താമസിക്കുന്നത്.

എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന വിന്‍സെന്റ് അച്ചന്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നാണ് അള്‍ത്താരയിലെ ശുശ്രൂഷകള്‍ നടത്തുന്നത്. സേവനം ചെയ്ത ഇടവകകളിലെല്ലാം തന്നെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഏറെ വികസന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുവാന്‍ സാധിച്ചു എന്നതാണ് തന്റെ എളിയ സംഭാവനയെന്ന് വിന്‍സെന്റ് ടോപ്പര്‍ അച്ചന്‍ പറയുന്നു. സഭയുടെ പ്രബോധനങ്ങള്‍ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തുവാന്‍ കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുവാനും വൈദികനു സാധിച്ചു.

ദൈവീക സാന്നിധ്യത്തിന്റെ ആഴമായുള്ള തിരിച്ചറിവാണ് തന്റെ വൈദിക ജീവിതത്തെ 80 വര്‍ഷം മനോഹരമാക്കി മുന്നോട്ടു കൊണ്ടുപോയതെന്ന് 104 വയസിലേക്ക് കടക്കുന്ന വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു. വൈദികനായി സേവനം ചെയ്ത താന്‍ കടന്നുപോകുമ്പോള്‍, ഒരു പുതിയ സമൂഹം വൈദിക ശുശ്രൂഷയെ ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരണമെന്നതാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മോണ്‍സിഞ്ചോര്‍ വിന്‍സെന്റ് ടോപ്പര്‍ പറയുന്നു.


Related Articles »