Faith And Reason

“ദൈവമാണ് എന്റെ ശക്തി”: ജപമാല സദാ കൈയില്‍ കരുതുന്ന ക്രൊയേഷ്യന്‍ കോച്ചിന്റെ സാക്ഷ്യം വീണ്ടും ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 12-12-2022 - Monday

ദോഹ: ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ക്രൊയേഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ കോച്ചായ സ്ലാട്കോ ഡാലിച്ചിന്റെ ക്രൈസ്തവ സാക്ഷ്യം വീണ്ടും ശ്രദ്ധ നേടുന്നു. നിലവിലെ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായ സ്ലാട്കോ ഡാലിച്ച് എപ്പോഴും തന്റെ കൈയില്‍ ജപമാല കരുതുന്നതിന്റെ രഹസ്യവും ക്രിസ്തീയ വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നതിന്റെ പിന്നിലെ കാരണവും വിവരിച്ചുക്കൊണ്ടുള്ള വാക്കുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രദ്ധ നേടുന്നുന്നത്. 2018-ലെ ലോകകപ്പില്‍ ക്രൊയേഷ്യന്‍ ടീം ഫൈനലില്‍ എത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ആളാണ് സ്ലാട്കോ ഡാലിച്ച്. കത്തോലിക്കാ വിശ്വാസവും, ജപമാലയുമാണ്‌ തന്റെ വിജയ മന്ത്രമെന്നു ഡാലിച്ച് പറയുന്നു.

ഓരോ ദിവസവും ദൈവം തന്റെ കുടുംബത്തിലും തന്റെ ജീവിതത്തിലും സന്നിഹിതനാണെന്നും, മാനുഷികമായ ആശങ്കകള്‍ ഭൗമീകമാണെന്നും, നിലനില്‍പ്പിന് വേണ്ടിമാത്രമാണ് അവയെ പരിഗണിക്കേണ്ടതെന്നും ക്രൊയേഷ്യന്‍ കത്തോലിക്ക മാധ്യമമായ ‘ഗ്ലാസ് കോണ്‍സില’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാലിച്ച് പറഞ്ഞു. ഒരു വ്യക്തി ശാന്തനാവുകയും, അവന്‍ തീരുമാനമെടുക്കുന്നതില്‍ തനിച്ചാവുകയും ചെയ്യുമ്പോള്‍ അവന്‍ ദൈവത്തിന്റെ സഹായം തേടുകയാണെന്നും ഡാലിച്ച് കൂട്ടിച്ചേര്‍ത്തു.

“എന്റെ മാതാപിതാക്കളുടെ ഗോറിക്കയിലെ വീടിന്റെ അടുത്ത് ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമം ഉണ്ടായിരുന്നു. പലപ്പോഴും ഞാന്‍ അവിടത്തെ അള്‍ത്താര ബാലനായിരുന്നു, വിശുദ്ധ കുര്‍ബാനക്ക് പോകുവാന്‍ എനിക്ക് സന്തോഷമായിരുന്നു. എന്റെ അമ്മയാണ് എന്നെ വിശ്വാസം പഠിപ്പിക്കുകയും, വിശ്വാസത്തില്‍ നയിക്കുകയും ചെയ്തത്. അതുപോലെ തന്നെയാണ് ഞാന്‍ എന്റെ മക്കളേയും വളര്‍ത്തുന്നത്. എല്ലാ ഞായറാഴ്ചയും ഞാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ എപ്പോഴും ഒരു ജപമാല കയ്യില്‍ കരുതും. ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് ജപമാലയില്‍ തൊടും, അപ്പോള്‍ എല്ലാം വളരെ ലളിതമായി തോന്നും”- ഡാലിച്ച് വിവരിച്ചു.

താന്‍ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ടെന്ന് പറഞ്ഞ ഡാലിച്ച്, ദൈവമാണ് തനിക്ക് വിശ്വാസവും, ശക്തിയും തന്നതെന്നും, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുവാനുള്ള അവസരവും ദൈവം തനിക്ക് തന്നുവെന്നും, തന്നേയും തന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം വിശ്വാസം പരമപ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. നിശ്ചിത സമയവും, അധികസമയവും നീണ്ട ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനൊടുവില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൌട്ടിലൂടെ നാട്ടിലേക്ക് മടക്കി അയച്ച ക്രൊയേഷ്യ നാളെ ചൊവ്വാഴ്ച തെക്കന്‍ അമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെയാണ് നേരിടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »