News

ടൂറിന്‍ തിരുകച്ചയുടെ മുൻ പേപ്പല്‍ സൂക്ഷിപ്പുകാരനായ കർദ്ദിനാൾ സെവേരിനോ പൊലെറ്റോ ദിവംഗതനായി

പ്രവാചകശബ്ദം 20-12-2022 - Tuesday

ടൂറിന്‍: ഇറ്റലിയിലെ ടൂറിനിലെ മുന്‍ ആർച്ച് ബിഷപ്പും തിരുകച്ചയുടെ മുൻ പേപ്പല്‍ സൂക്ഷിപ്പുകാരനുമായ കർദ്ദിനാൾ സെവേരിനോ പൊലെറ്റോ ദിവംഗതനായി. ഡിസംബർ 17-ന് 89-ാം വയസ്സിലായിരിന്നു അന്ത്യം. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ടൂറിൻ അതിരൂപതയിലേക്ക് നിയമിതനായപ്പോൾ, വൈദികരുമായി അടുത്തിടപഴകാനും പ്രധാന പൊതു പരിപാടികളില്‍ ഉൾപ്പെടെ സുവിശേഷവൽക്കരണം പ്രോത്സാഹിപ്പിക്കാനുമുള്ള ആഗ്രഹത്താൽ പ്രചോദിതനായി സ്വയം സമര്‍പ്പിച്ച വ്യക്തിയായിരിന്നു അദ്ദേഹമെന്ന് ടൂറിനിലെ ആർച്ച് ബിഷപ്പ് റോബർട്ടോ റെപോളിന് അയച്ച അനുശോചന ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു.

2000-ൽ ടൂറിൻ കാർ നിർമ്മാതാക്കളായ ഫിയറ്റിനെ ബാധിച്ച വൻ പ്രതിസന്ധിയും പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഒത്തിരിയേറെ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തി കൂടിയായിരിന്നു അദ്ദേഹം. 2006 വിന്റർ ഒളിമ്പിക്‌സ് ടൂറിനിൽ നടന്നപ്പോൾ നിരവധി അജപാലന സംരംഭങ്ങൾക്ക് കർദിനാൾ മേൽനോട്ടം വഹിച്ചു, 2000-ലും 2010-ലും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിച്ച ടൂറിനിലെ തിരുകച്ചയുടെ പൊതു പ്രദർശനത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.

1933 മാർച്ച് 18ന് ഇറ്റലിയിലെ സാൽഗരേഡയിലാണ് കർദിനാൾ പോളെറ്റോയുടെ ജനനം. റോമിലെ സെന്റ് അൽഫോൻസസ് അക്കാദമിയിൽ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1957-ൽ പൗരോഹിത്യം സ്വീകരിച്ചു. നിരവധി ഇടവകകളിൽ ശുശ്രൂഷ ചെയ്തു. കാസലെ സെമിനാരിയിലെ സ്റ്റാഫിലും, രൂപതയുടെ വൊക്കേഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1980-ന്റെ തുടക്കത്തിൽ, അദ്ദേഹം ഫോസാനോയുടെ സഹായ മെത്രാനായും പിന്നീട് മെത്രാനായും തെരഞ്ഞെടുക്കപ്പെട്ടു. 1989-ൽ, സെന്റ് ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ അസ്തിയിലെ ബിഷപ്പായി നാമകരണം ചെയ്തു.

10 വർഷം അവിടെ സേവനമനുഷ്ഠിച്ചു. 1999-ൽ ടൂറിൻ ആർച്ച് ബിഷപ്പായി നാമകരണം ചെയ്തു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ടൂറിനില്‍ തിരുകച്ചയുടെ ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ സെവേരിനോയെ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു അദ്ദേഹം.

2001-ൽ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 2010-ൽ കർദ്ദിനാൾ വിരമിച്ചു. കർദ്ദിനാൾ സെവേരിനോയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ കര്‍ദ്ദിനാളുമാരുടെ എണ്ണം 224 ആയി കുറഞ്ഞു. അവരിൽ 126 പേർ 80 വയസ്സിന് താഴെയുള്ള കോൺക്ലേവിൽ വോട്ട് ചെയ്തു മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ യോഗ്യതയുള്ളവരാണ്.

More Archives >>

Page 1 of 809