Social Media - 2024

ക്രൈസ്തവർക്കെതിരെയുള്ള തുടര്‍ച്ചയായ അതിക്രമങ്ങളിൽ ഭരണകൂടങ്ങൾ പുലർത്തുന്ന നിസംഗത അപലപനീയം

- കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ 21-12-2022 - Wednesday

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സംഭവങ്ങളാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ അംഗമാകുവാനും സ്വാതന്ത്ര്യത്തോടെ ആ വിശ്വാസത്തിൽ ജീവിക്കുവാനും ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന പ്രകാരം പൂർണ്ണ അവകാശമുണ്ട്. എന്നാൽ, ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താൽ ഛത്തീസ്ഘട്ടിലെ നിരവധി ഗ്രാമങ്ങളിൽ അനേകർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാൻ നിർബ്ബന്ധിതരാവുകളും ചെയ്യുന്നു. ഇതേ കാരണത്താൽ ഹിന്ദുത്വ വർഗ്ഗീയ സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും നിയമപാലകർ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ല. പരിവർത്തിത ക്രൈസ്തവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളിൽ ഭരണകൂടങ്ങൾ പുലർത്തുന്ന നിസംഗത അപലപനീയമാണ്.

മറ്റു മതങ്ങളോടുള്ള ശത്രുതാ മനോഭാവം പരിധികൾ ലംഘിച്ച് വളർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളും, ഹിന്ദുത്വ സംഘടനകളുടെ ഇടപെടലുകളും, വ്യാജ ആരോപണങ്ങൾ ചുമത്തി നിരപരാധികളെ കേസുകളിൽ കുടുക്കാൻ അവസരം സൃഷ്ടിക്കുന്ന ഭരണകൂട നിലപാടുകളും സൂചിപ്പിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടെന്നാണ്. ഏറ്റവും ഒടുവിൽ ഹരിയാനയിൽ രൂപം നൽകിയിരിക്കുന്ന മതപരിവർത്തന ചട്ടങ്ങളിൽ ഭരണഘടനാ വിരുദ്ധമായ നിരവധി നിർദ്ദേശങ്ങളുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ തീരുമാനിക്കുന്ന ഒരാളെ പോലും കേസിൽ അകപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യത്ത് ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുകയും അതിൽ ജീവിക്കുകയും എളുപ്പമല്ല എന്നുവരുന്നത് കടുത്ത നീതിനിഷേധവും ഭരണഘടനാ ലംഘനവുമാണ്.

ഈ രാജ്യത്ത് നിർബ്ബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതും, മതപരിവർത്തന നിരോധന നിയമം അവതരിപ്പിക്കാൻ പദ്ധതിയിടുന്നതും സംശയാസ്പദമാണ്. ഇഷ്ടമുള്ള മതം സ്വീകരിച്ചവരെ അക്കാരണത്താൽ പീഡിപ്പിക്കുന്ന നടപടിയെയും, ഘർവാപ്പസി എന്ന പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന പ്രവണതയെയും നിയമത്തിന് കീഴിൽ കൊണ്ടുവരുവാനും, ഒരു മതവിശ്വാസികളുടേത് മാത്രമാണ് രാജ്യം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനങ്ങളെ നിലയ്ക്ക് നിർത്താനും എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുവാനും കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണം.

- കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍

More Archives >>

Page 1 of 33