News - 2025
ആഫ്രിക്കയില്‍ ജിഹാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു, മിഷ്ണറിമാരെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയേറെ: മുന്നറിയിപ്പുമായി പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍
പ്രവാചകശബ്ദം 29-12-2022 - Thursday
ബെനിന്‍: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജിഹാദി ആക്രമണങ്ങളേക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ന്റെ മുന്നറിയിപ്പ്. ഇതുവരെ മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക് - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ജിഹാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ജിഹാദി ആക്രമണങ്ങള്‍ എത്തിയിട്ടുണ്ടെന്നും എ.സിഎന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
തീവ്രവാദ ഭീഷണിയെ തുടര്‍ന്നു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനിലെ കത്തോലിക്ക സഭ അതിന്റെ അജപാലനപരമായ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നു എ.സി.എന്നിന്റെ ഡിസംബര്‍ 21-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നുയെസ്ട്രാ സെനോര ഡെ ലാ എസ്കൂച്ചാ കോണ്‍വെന്റിലെ കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് തങ്ങളുടെ കോണ്‍വെന്റ് ഉപേക്ഷിക്കേണ്ടി വന്നത് ഇതിനുദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 17 വര്‍ഷങ്ങളായി നാറ്റിറ്റിംഗൗ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബെനഡിക്ടന്‍ കന്യാസ്ത്രീകള്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്നു തങ്ങളുടെ കോണ്‍വെന്റ് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള പാരാകൗവ്വിലേക്ക് മാറ്റുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിദേശികള്‍, വെള്ളക്കാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളെ തീവ്രവാദികള്‍ ലക്ഷ്യംവെക്കുവാന്‍ സാധ്യതയുണ്ടെന്നു തങ്ങള്‍ക്കറിയാമെന്നു എ.സി.എന്‍ പങ്കാളിക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ അന വെളിപ്പെടുത്തി.
ബുര്‍ക്കിനാ ഫാസോയുമായുള്ള വടക്കന്‍ അതിര്‍ത്തി പ്രദേശത്തു നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് നാറ്റിറ്റിംഗൗ രൂപത സ്ഥിതി ചെയ്യുന്നത്. വിദേശികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം അവസാനം ഈ സന്യാസിനികള്‍ക്ക് ലഭിച്ചിരുന്നു. പരക്കെ വ്യാപിച്ചു കൊണ്ടിരിക്കുന്ന അക്രമവും, അരക്ഷിതാവസ്ഥയും തുടര്‍ന്നു 80 കൊല്ലങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട നാറ്റിറ്റിംഗൗ രൂപതയുടെ പുരോഗതിക്ക് കാര്യമായ തടസ്സം നേരിടുന്നുണ്ട്. വെറും 160 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബെനിനില്‍ മിഷ്ണറിമാര്‍ എത്തിയത്. 2013-ലെ സെന്‍സസ് പ്രകാരം ബെനിന്‍ ജനസംഖ്യയിലെ 48.5 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 25% മാത്രമാണ് കത്തോലിക്കര്‍. ആഫ്രിക്കയിലെങ്ങും ഇസ്ലാമിക നിയമമായ ശരിയത്ത് നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക തീവ്രവാദികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത്.