News - 2025

ബെനഡിക്ട് പാപ്പയോടുള്ള ആദരവായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കോസ്റ്ററിക്ക ഗവണ്‍മെന്‍റ്

പ്രവാചകശബ്ദം 03-01-2023 - Tuesday

സാൻ ഹോസെ: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോടുള്ള ആദരവായി മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ഗവണ്‍മെന്‍റ് നാലുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏറ്റവും ഉന്നതമായ വിശ്വാസപദവിയിൽ ഇരുന്ന ആളിനോട് പ്രകടിപ്പിക്കേണ്ട ആദരവായാണ് നാല് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിസംബർ 31- മുതൽ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. കോസ്റ്ററിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 അനുസരിച്ച് കത്തോലിക്കാ സഭയാണ് രാജ്യത്തെ ഔദ്യോഗിക വിശ്വാസ സമൂഹം. രാജ്യത്തിന്റെ പ്രസിഡന്റായ റോദ്രിഗോ ഷാവേസും, രാജ്യത്തെ മെത്രാൻ സമിതിയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബെനഡിക് മാർപാപ്പ യെ സുവിശേഷത്തിലെ സത്യത്തിന്റെയും, വിശ്വാസത്തിന്റെയും സംരക്ഷകനെന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. കർത്താവ് തന്റെ സാന്നിധ്യത്തിലേക്ക് പാപ്പയെ വിളിക്കുമ്പോൾ അദ്ദേഹം സ്നേഹത്തെ കണ്ടുമുട്ടിയെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് മെത്രാന്മാർ പറഞ്ഞു. ജീവന്റെ ദൈവത്തിലും, അവിടുത്തെ ഉയർപ്പിലും ഉള്ള പ്രത്യാശ അവർ പങ്കുവെച്ചു. പാപ്പയുടെ ആത്മശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് സമിതി തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 2021-ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠന പ്രകാരം കോസ്റ്ററിക്ക ജനസംഖ്യയുടെ 47% കത്തോലിക്ക വിശ്വാസികളാണ്.

More Archives >>

Page 1 of 813