News

ലോകത്തിന്റെ കണ്ണുകള്‍ വത്തിക്കാനിലേക്ക്; ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാരം ഇന്ന്

പ്രവാചകശബ്ദം 05-01-2023 - Thursday

വത്തിക്കാൻ സിറ്റി: പതിനായിരങ്ങളെ സാക്ഷിയാക്കി ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു കബറടക്കും. വത്തിക്കാന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 02:00) വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ആരംഭിക്കുന്ന അന്ത്യകർമശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.

ആധുനിക കാലഘട്ടത്തിൽ ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത് ആദ്യമാണെന്നതും ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇന്നത്തെ ശുശ്രൂഷ നടക്കുക. മൃതസംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാക്കുന്നുണ്ട്.

അതേസമയം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം സൈപ്രസ് മരത്തിൽ പ്രത്യേകം നിർമ്മിച്ച പെട്ടിയിലേക്ക് മാറ്റി. ബെനഡിക്ട് പതിനാറാമന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയിൻ, കർദ്ദിനാളുമാർ, മെത്രാന്മാർ, വൈദികർ, 2013-ൽ മാർപ്പാപ്പ പദവിയിൽ നിന്ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതശരീരം സൈപ്രസ്പ്പെട്ടിയിലേക്ക് മാറ്റി സീൽ ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ ഇന്നതെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ പോലീസ് സുരക്ഷയാണ് വത്തിക്കാന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More Archives >>

Page 1 of 814