Youth Zone
ഐസ് ദേവാലയം ഒരുക്കി വിശുദ്ധ ബലിയര്‍പ്പണം: പതിവ് തെറ്റിക്കാതെ മിഷിഗണ്‍ വിദ്യാര്‍ത്ഥികള്‍
പ്രവാചകശബ്ദം 20-02-2023 - Monday
മിഷിഗണ്‍: അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല ആഘോഷങ്ങളിലൊന്നായ മിഷിഗണ്‍ ടെക്ക് വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി മിഷിഗണ്‍ ടെക്നോളജിക്കല്‍ സര്‍വ്വകലാശാല (എം.ടി.യു) വിദ്യാര്‍ത്ഥികള്‍ മരം കോച്ചുന്ന തണുപ്പില്‍ മഞ്ഞുകൊണ്ട് നിര്‍മ്മിച്ച ഐസ് ചാപ്പല്‍ ഇത്തവണയും ശ്രദ്ധയാകര്‍ഷിക്കുന്നു. ‘ഔര്‍ ലേഡി ഓഫ് സ്നോ’ എന്ന നിര്‍മ്മാണം പൂര്‍ത്തിയായ ഐസ് ചാപ്പലില്‍ ബലിയര്‍പ്പണം നടന്നു. മുന്‍കൊല്ലങ്ങളിലെ ചാപ്പലുകളെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ചാപ്പല്‍ വലുതാണ്. 35 അടി വീതിയും 60 അടി നീളവുമുള്ള ചാപ്പല്‍ നിര്‍മ്മിക്കാന്‍ രണ്ടാഴ്ചയിലധികം സമയം എടുത്തുവെന്നു മിഷിഗണ്‍ ടെക് പ്രസ്താവിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ചാപ്പലിനേക്കാള്‍ 5 അടി വീതിയും, 10 അടി നീളവും കൂടുതലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് ഐസ് ചാപ്പലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ദേവാലയത്തിനകത്തും പുറത്തും തിങ്ങി നിറഞ്ഞാണ് ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ദേവാലയത്തിന്റെ ഐസുകൊണ്ടുള്ള ഭിത്തിക്ക് മുകളില്‍ നിന്നുവരെ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നത് വീഡിയോയില്‍ ദൃശ്യമാണ്. 1963 മുതല്‍ ‘എം.ടി.യു’വിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ് ആല്‍ബെര്‍ട്ട് ദി ഗ്രേറ്റ് യൂണിവേഴ്സിറ്റി ഇടവകയാണ് വര്‍ഷം തോറും ഐസുകൊണ്ടുള്ള ദേവാലയ നിര്‍മ്മാണം സംഘടിപ്പിക്കുന്നത്.
ഫാ. ബെന്‍ ഹാസേയുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണം നടന്നത്. മഞ്ഞുകൊണ്ടുള്ള ഭിത്തികളില്‍ ചില്ല് ജാലകത്തിന്റെ രൂപം നല്‍കുവാന്‍ ഫുഡ് കളറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇക്കൊല്ലം ഐസില്‍ ദിവ്യകാരുണ്യത്തിന്റെ രൂപവും വരച്ചിട്ടുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥയില്‍ വന്ന മാറ്റത്തെ തുടര്‍ന്നു ഐസ് ദേവാലയത്തില്‍ അര്‍പ്പിക്കേണ്ട അവസാന ബലിയര്‍പ്പണം റദ്ദാക്കേണ്ടി വന്നെങ്കിലും, കുമ്പസാരത്തിനുള്ള സ്ഥലമായി ദേവാലയം ഉപയോഗിക്കുമെന്ന്‍ സെന്റ് ആല്‍ബെര്‍ട്ട് ദി ഗ്രേറ്റ് ഇടവക അറിയിച്ചു. ഈ ദേവാലയവും, ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണവുമാണ് മിഷിഗണ്‍ ടെക്ക് വിന്റര്‍ കാര്‍ണിവലിന്റെ പ്രധാന സവിശേഷത.
Tag: Annual ice chapel at Michigan,Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക