News - 2024

ഈസ്റ്റര്‍ ദിനത്തില്‍ പ്രവിശ്യ അസംബ്ലി തെരഞ്ഞെടുപ്പ്: പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

പ്രവാചകശബ്ദം 24-02-2023 - Friday

ലാഹോര്‍: ഈസ്റ്റര്‍ ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ നടപടി വിവാദത്തില്‍. ലോകരക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാന തിരുനാള്‍ ഇത്തവണ കൊണ്ടാടുന്ന ഏപ്രില്‍ 9നു നിശ്ചയിച്ച പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ അസംബ്ലികളിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന്‍ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ചാപ്ലൈനായ ഫാ. ഇനയത്ത് ബര്‍ണാര്‍ഡ് പറഞ്ഞു. പ്രവിശ്യ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാമെന്നാണ് പാക്ക് ഭരണഘടനയില്‍ പറയുന്നത്.

ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) ന്റെ മുതിര്‍ന്ന നേതാവും പാക്ക് പ്രസിഡന്റുമായ ആരിഫ് അല്‍വി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഇരു പ്രവിശ്യകളിലെയും നിയമസഭകള്‍ കഴിഞ്ഞ മാസം മാത്രമാണ് പിരിച്ചുവിട്ടത്. ഈ സാഹചര്യത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള ശ്രമത്തിലാണ് പി.ടി.ഐയെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കേന്ദ്ര, പ്രവിശ്യ അസംബ്ലികളിലെ ക്രിസ്ത്യന്‍ അംഗങ്ങള്‍ സ്പീക്കര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഫാ. ബര്‍ണാര്‍ഡ് ആവശ്യപ്പെട്ടു.

അല്‍വിയുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഭരണപക്ഷത്തിന്റെ സഖ്യ കക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യവുമായി പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ ഹൈക്കോടതികളെ സമീപിക്കുവാനാണ് തങ്ങളുടെ തീരുമാനമെന്ന്‍ പാക്കിസ്ഥാന്‍ മൈനോരിറ്റി കമ്മീഷന്റെ സെക്രട്ടറി ജനറലായ റോഹീല്‍ സഫര്‍ ഷാഹി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് നിശ്ചയിച്ചിരുന്ന ഇസ്ലാമാബാദിലെ തെരഞ്ഞെടുപ്പ് തിയതി ക്രിസ്ത്യന്‍ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Archives >>

Page 1 of 824