News

ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി ഭാഷയിൽ സന്ധ്യാപ്രാർത്ഥന നടത്തി

ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം, എസ്.ജെ 03-03-2023 - Friday

ഓക്സ്ഫോർഡ്: ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ ആദരിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോ-മലബാർ ക്രമത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പ്യൻ ഹോളിൽവച്ച് ഫെബ്രുവരി 28, ചൊവ്വാഴ്ച സുറിയാനി ഭാഷയിൽ റംശായും (സന്ധ്യാപ്രാർത്ഥന) തുടർന്ന് സ്‌നേഹവിരുന്നും സംഘടിക്കപ്പെട്ടു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ആയ ഫാദർ നിക്കോളാസ് എസ്സ്. ജെയുടെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്‌ടാഥിതിയായി ഈ ചടങ്ങിൽ സംബന്ധിച്ച മാർ ജോസഫ് സ്രാമ്പിക്കൽ സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാർമികത്വം വഹിച്ചു.

സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാ. മാത്യു പിണക്കാട്ട്, ഫാ. റ്റെറിൻ മൂലക്കര, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. മാത്യു കുരിശുമ്മൂട്ടിൽ, ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ് ജെ തുടങ്ങിയവർ സന്ധ്യാപ്രാത്ഥനക്ക് സഹകാർമികരായി. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയും മലങ്കര ഓർത്തോഡോക്സ് വൈദീകനായ ഫാ. കെ എം ജോർജ്ജും പ്രർത്ഥനാ വേളയിൽ സന്നിഹിതരായിരുന്നു.

ബ്രിട്ടീഷ് ഈസ്റ് ഇൻഡ്യയുടെ ഭാഗമായിരുന്ന ന്യൂ-ഡൽഹി നഗരവും ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ഭവനവും രൂപകൽപ്പന ചെയ്ത എഡ്വിൻ ലച്ചിയൻസ് എന്ന പ്രശസ്ത ബ്രിട്ടീഷ് എൻജിനീയർ നിർമ്മിച്ച ക്യാമ്പ്യൻ ഹോളിലെ മിശിഹാ രാജാവിന്റെ നാമത്തിലുള്ള ചാപ്പലിൽവെച്ചാണ് സുറിയാനിയിലുള്ള ഈ സന്ധ്യാപ്രാർത്ഥന നടന്നത്. പ്രാർത്ഥനക്ക് ശേഷം പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു.

പ്രൊഫസ്സർ സെബാസ്റ്റ്യൻ ബ്രോക്ക്, ഭാര്യ ഹെലൻ ബ്രോക്ക് തുടങ്ങിയവരെ കൂടാതെ ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി അധ്യാപകരായ പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, ഓറിയന്റൽ സ്റ്റഡീസ് അധ്യാപകൻ പ്രൊഫസ്സർ ആന്റണി ഒമാനി, ജേർണൽ ഓഫ് ജ്യൂയിഷ് സ്റ്റഡീസിന്റെ എഡിറ്റർ മാർഗരറ്റ് വേംസ്, സെന്റ് ഗ്രിഗറി ആൻഡ് സെന്റ് മസ്‌ക്രീനാസ് വാർഡൻ റെബേക്ക വൈറ്റ്, ക്യാമ്പ്യൻ ഹോൾ അക്കാഡമിക് ഫെല്ലോസ് ആയ ഫാ. പാട്രിക് റിയോർഡൻ എസ്സ് ജെ, ഫാദർ ഫ്രാങ്ക് ടേർണർ എസ്സ് ജെ, ഫാ. ബ്രിയാൻ മെക്കോർത്ത എസ്സ് ജെ, ഡോക്ടർ പാംല ആംസ്ട്രോങ്, ഡോക്ടർ ഒലീവിയേ ദെലൂയി തുടങ്ങിയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സുറിയാനി ഭാഷയിലുള്ള സന്ധ്യാ പ്രാർത്ഥനയിലും തുടർന്നു നടന്ന അനുമോദന ചടങ്ങിലും പങ്കെടുത്തു.

More Archives >>

Page 1 of 825