News - 2024

ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് തടയിട്ട് ഇസ്ലാം നേതൃത്വം

പ്രവാചകശബ്ദം 20-03-2023 - Monday

ജക്കാർത്ത: ഇന്തോനേഷ്യയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന ബോർണിയ ദ്വീപിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് മുസ്ലിം ഗ്രാമവാസികൾ തടയിട്ടതായി റിപ്പോർട്ട്. മുസ്ലിം തിടുങ് ഗോത്രവർഗ്ഗക്കാർ തിങ്ങിപാർക്കുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കാനായി മാവാർ ഷാരോൺ ക്രൈസ്തവ സമൂഹം മുന്നോട്ടുവന്നതെന്നും, ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരിന്നുവെന്നും കാലിമന്റൻ പ്രവിശ്യയിലെ സെലുമിത് ഗ്രാമത്തിലെ പ്രാദേശിക നേതാക്കൾ ആരോപിച്ചു.

എന്നാൽ ദേവാലയ നിർമ്മാണം തടഞ്ഞത് ഇന്തോനേഷ്യൻ സർക്കാരിന്റെ ഐക്യം, സാമൂഹ്യനീതി തുടങ്ങിയവയ്ക്കും, ഭരണഘടനക്കും വെല്ലുവിളി ഉയർത്തുന്ന നടപടി ആണെന്ന് ഇന്തോനേഷ്യൻ ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ സംഘാടകൻ ക്രിസ്ത്യാന്റോ ട്രിവിബോവോ പറഞ്ഞു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുമെന്നും, ആരാധന സ്വാതന്ത്ര്യം നൽകുമെന്നും രാജ്യം ഉറപ്പു നൽകുന്നതാണെന്ന് ക്രിസ്ത്യാന്റോ ചൂണ്ടിക്കാട്ടി. മതങ്ങൾക്ക് വേണ്ടിയുള്ള മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ക്രൈസ്തവ സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സംരക്ഷിക്കാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് നഗരസഭകളുടെ അധികൃതരോടും, മതങ്ങളുടെ മന്ത്രാലയത്തോടും, വിവിധ വകുപ്പുകളോടും ആവശ്യപ്പെട്ടു.

ഇതിനിടെ ജാവാ പ്രവിശ്യയിൽ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണത്തിന് തടയിടാൻ മുസ്ലിം ഗ്രാമവാസികൾ ശ്രമിച്ചെങ്കിലും, ചർച്ചകൾക്കൊടുവിൽ നിർമ്മാണവുമായി മുന്നോട്ടു പോകാൻ തീരുമാനമായി. ക്രൈസ്തവരുടേത് അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ദേവാലയ നിർമ്മാണങ്ങൾക്ക് വലിയ കടമ്പകൾ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. 2006ൽ പുറത്തിറങ്ങിയ സംയുക്ത മിനിസ്റ്റീരിയൽ ഡിക്രി പ്രകാരം രാജ്യത്തു പുതിയ ദേവാലയ നിർമ്മാണത്തിന് അനുമതി ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലസ്ഥലങ്ങളിലും തീവ്ര മുസ്ലിം വിഭാഗക്കാർ സംഘടിച്ച് ക്രൈസ്തവരുടെ നിർമ്മാണ പ്രവർത്തനം തടയാൻ ഭീഷണിപ്പെടുത്താറുണ്ട്. ഓപ്പൺ ഡോർസ് കണക്കുകൾ പ്രകാരം, ക്രൈസ്തവർ ഏറ്റവും പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് ഇന്തോനേഷ്യ.

More Archives >>

Page 1 of 830