Saturday News

നോമ്പുകാലത്തിന്റെ അര്‍ത്ഥത്തേക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞ 6 വാക്യങ്ങള്‍

പ്രവാചകശബ്ദം 26-02-2024 - Monday

ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിപ്പിക്കുന്ന നോമ്പുകാലത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കടന്നുപോകുകയാണ്. പ്രാര്‍ത്ഥനയും, പാപപരിഹാരവും, ഉപവാസവും, മാനസാന്തരവുമായി അനുതാപത്തിന്റെ നോമ്പുകാലത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സമീപിക്കുവാനും, നമ്മുടെ നോമ്പുകാല യാത്രയേക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും ലോകരക്ഷകന്റെ ഉത്ഥാനത്തിലേക്ക് നയിക്കുന്ന ഈ അനുതാപ യാത്രയുടെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുവാനും തിരുസഭയുടെ എക്കാലത്തേയും മികച്ച ദൈവശാസ്ത്രജ്ഞരില്‍ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന അന്തരിച്ച മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ വിവിധ സമയങ്ങളില്‍ പങ്കുവെച്ചിട്ടുള്ള ചിന്തോദ്ദീപകമായ ഈ 6 വാക്യങ്ങള്‍ നമ്മളെ സഹായിക്കും.

1. “പ്രാര്‍ത്ഥന, ഉപവാസം, അനുതാപം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുന്ന ഒരിക്കലും അവസാനിക്കാത്ത ഒരു പോരാട്ടമാണ് ക്രിസ്തീയ ജീവിതമെന്ന് നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിന്മക്കെതിരായി, എല്ലാതരത്തിലുള്ള സ്വാര്‍ത്ഥതക്കും, വിദ്വേഷത്തിനുമെതിരെ പോരാടുക, ക്രിസ്തുവില്‍ ജീവിക്കുവാനായി സ്വയം മരിക്കുക എന്നതാണ് യേശുവിന്റെ ഓരോ അനുയായിയും വിനയത്തോടും, ക്ഷമയോടും, സഹിഷ്ണുതയോടും കൂടി വിളിക്കപ്പെട്ടിരിക്കുന്ന ഈ യാത്രയുടെ അര്‍ത്ഥം”.

(2006 മാര്‍ച്ച് 1-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ ബെനഡിക്ട് പാപ്പ പങ്കുവെച്ചത്)

2. “നോമ്പുകാല യാത്രയിലെ ഞങ്ങളുടെ വഴികാട്ടിയായ പരിശുദ്ധ കന്യകാമറിയമേ, മരിച്ചവനും ഉത്ഥിതനുമായ ക്രിസ്തുവിന്റെ ആഴമേറിയ അറിവുകളിലേക്ക് ഞങ്ങളെ നയിക്കണമേ, പാപത്തിനെതിരായ ആത്മീയ യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കുകയും, ബോധ്യത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ അതില്‍ ഞങ്ങളെ നിലനിര്‍ത്തുകയും ചെയ്യണമേ: ഞങ്ങളെ അങ്ങയിലേക്ക് പരിവര്‍ത്തനം ചെയ്യണമേ, ദൈവമേ, ഞങ്ങളുടെ രക്ഷയേ”.

(2011 മാര്‍ച്ച് 9-ലെ വിഭൂതിതിരുനാള്‍ സന്ദേശത്തിലെ പ്രാര്‍ത്ഥനയില്‍ നിന്നും).

3. “ക്രിസ്തീയ ജീവിതത്തിന്റെ യഥാര്‍ത്ഥ ഹൃദയമായ സാര്‍വ്വത്രിക സ്നേഹത്തെ കുറിച്ച് ചിന്തിക്കുവാന്‍ ഈ നോമ്പുകാലം വീണ്ടും ഒരവസരം തന്നിരിക്കുകയാണ്. കൂദാശകളുടെയും, ദൈവവചനത്തിന്റേയും സഹായത്തോടെ വ്യക്തിപരമായും കൂട്ടായ്മയിലും നമ്മുടെ വിശ്വാസ യാത്ര പുതുക്കുവാനുള്ള ഏറ്റവും അനുകൂലമായ സമയമാണിത്. ഉത്ഥാനത്തിന്റെ സന്തോഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പും മൗനവും, ഉപവാസവും, പങ്കുവെക്കലും, പ്രാര്‍ത്ഥനയും കൊണ്ട് അടയാളപ്പെടുത്തിയതാണ് ഈ യാത്ര”.

(2012-ലെ നോമ്പുകാല സന്ദേശത്തില്‍ നിന്നും).

4. “വരാനിരിക്കുന്ന രക്ഷകനില്‍ പ്രത്യാശ വെക്കുവാന്‍ ആഗമനകാലം നമ്മോടു ആവശ്യപ്പെടുമ്പോള്‍, നോമ്പുകാലം മരണത്തില്‍ നിന്നും നമ്മെ ജീവനിലേക്ക് പ്രവേശിപ്പിച്ചവനിലുള്ള പ്രത്യാശ പുതുക്കുവാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. ഇത് രണ്ടും ശുദ്ധീകരണത്തിന്റെ കാലങ്ങളാണ്. ഇവക്ക് രണ്ടിനും പൊതുവായുള്ള ആരാധനപരമായ സാമ്യതകളുമുണ്ട്. എന്നാല്‍ ഒരു പ്രത്യേകരീതിയില്‍ വീണ്ടെടുപ്പിന്റെ നിഗൂഢതയുമായി ചേര്‍ന്നിരിക്കുന്ന നോമ്പുകാലം ‘യഥാര്‍ത്ഥ പരിവര്‍ത്തനത്തിന്റെ പാത’യെ കൃത്യമായി നിര്‍വചിക്കുകയാണ്.

(2008 ഫെബ്രുവരി 6-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ നിന്നും).

5. “പ്രിയ സഹോദരീ-സഹോദരന്‍മാരേ, ആനന്ദകരമായ ആത്മവിശ്വാസത്തോടെ നമുക്ക് നമ്മുടെ നോമ്പുകാല യാത്ര ആരംഭിക്കാം. നമ്മെ പുതിയ സമൂഹമാക്കുന്ന അവന്റെ കൃപ സ്വീകരിച്ചുകൊണ്ട്, സ്വീകരിച്ചുകൊണ്ട് 'പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് മടങ്ങുക' എന്ന പരിവർത്തനത്തിനുള്ള ആഹ്വാനം നമ്മുടെ ഉള്ളിൽ ആഴത്തിൽ അനുഭവപ്പെടട്ടെ. മാനസാന്തരത്തിനുള്ള വിളി നമ്മുടെ ഉള്ളങ്ങളില്‍ നമുക്ക് അനുഭവിക്കുവാന്‍ കഴിയട്ടേ. ലളിതമായ ഈ അഭ്യർത്ഥനയോട്‌ നമ്മളാരും ബധിരരാകാതിരിക്കാന്‍ ശ്രമിക്കാം''.

(2013 ഫെബ്രുവരി 13-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ നിന്നും).

6. “പ്രിയ സഹോദരീ, സഹോദരന്‍മാരെ, ദൈവസ്നേഹം ലോകത്തെ രക്ഷിക്കുകയും, ചരിത്രത്തിലേക്ക് വെളിച്ചം വീശുകയും ചെയ്ത കുരിശിന്റേയും, ഉത്ഥാനത്തിന്റേയും ഈ സംഭവങ്ങള്‍ ആഘോഷിക്കുവാന്‍ നമ്മള്‍ തയ്യാറെടുക്കുമ്പോള്‍ - നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന എല്ലാ സഹോദരീ-സഹോദരന്‍മാരോടുമുള്ള സ്നേഹത്തിലേക്കും, നമ്മുടെ പിതാവിന്റെ സജീവമായ സ്നേഹത്തിലേക്കും ക്രിസ്തുവിനോടൊപ്പം പ്രവേശിക്കുവാനായി യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കുവാനായി ഈ അമൂല്യ അവസരം വിനിയോഗിക്കുക”.

(2022 -ല്‍ പുറപ്പെടുവിച്ച 2013-ലെ നോമ്പുകാല സന്ദേശത്തില്‍ നിന്നും).

More Archives >>

Page 1 of 832