Social Media
നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം | തപസ്സു ചിന്തകൾ 38
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 30-03-2023 - Thursday
''നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്''- ഫ്രാൻസിസ് പാപ്പ.
നോമ്പു യാത്ര മുന്നോട്ടു പോകുമ്പോൾ ജീവിത വിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. മനസ്സിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിൻ്റെ പ്രലോഭനങ്ങളില്‍നിന്നു മുക്തിതേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം. ആത്മീയ ചൈതന്യത്തെ ജീവിതക്രമമായി സ്വീകരിച്ചവർക്കു വിശുദ്ധി കൂടാതെ മുന്നോട്ടുഗമിക്കൻ കഴിയില്ല. വിശുദ്ധിയിലേക്കുള്ള വിളി സാർവ്വത്രീകമാണെന്നു “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രാൻസിസ് പാപ്പ ആവർത്തിക്കുകയും സാധാരണ ജീവിതാനുഭവങ്ങളിലൂടെ വിശുദ്ധിയിലേക്കു വളരാൻ പാപ്പ ക്ഷണിക്കുകയും ചെയ്യുന്നു.
വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് മനുഷ്യർ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള മുഖ്യ കാരണം. നോമ്പു യാത്ര വിശുദ്ധമാകുന്നത് വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിച്ച് ആ വിളിക്കനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ്. നോമ്പിൻ്റെ തീഷ്ണ ദിനങ്ങളിൽ ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ നിർമ്മലമായ ഹൃദയവും വക്രതയില്ലാത്ത മനസ്സും സ്വന്തമാക്കി വിശ്വസ്തതയോടെ നമുക്കു മുന്നേറി വിശുദ്ധിയിൽ വളരാം.