Social Media - 2024
സഹനങ്ങളിൽ നമ്മളെ തനിയെ ഉപേക്ഷിക്കാത്ത ഈശോ | തപസ്സു ചിന്തകൾ 41
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 01-04-2023 - Saturday
തപസ്സു ചിന്തയിലെ നാൽപത്തിഒന്നാം നാൾ വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ കുരിശിൻ്റെ വഴിയിലെ ഏഴാം സ്ഥലം ധ്യാന വിഷയമാക്കാം. ഈശോയും സി.ഫൗസ്റ്റീനയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് കുരിശിൻ്റെ വഴി പുരോഗമിക്കുന്നത്.
"അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദൻഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. ( ഏശയ്യാ 53: 4).
ഈശോ: നീ നിന്നിൽ തന്നെ കൂടുതലായി ആശ്രയിക്കുകയും എന്നിൽ കുറച്ചു മാത്രം ശരണപ്പെടുകയും ചെയ്യുന്നതാണ് നിന്റെ പരാജയങ്ങളുടെ കാരണം. പക്ഷേ ഇതു നിന്നെ ഒത്തിരി സങ്കടപ്പെടുത്തരുത്. നീ കാരുണ്യവാനായ ദൈവവുമായാണ് ഇടപെടുന്നത്.
നിനക്കുതന്നെ ഒന്നും ചെയ്യാൻ കഴിയില്ലന്നു നീ അറിയുക. എന്റെ പ്രത്യേക സഹായമില്ലാതെ നിനക്കു എന്റെ കൃപകൾ സ്വീകരിക്കാൻ കഴിയുകയില്ല.
വി. ഫൗസ്റ്റീന: ഈശോ എന്നെ സഹനങ്ങളിൽ തനിയെ ഉപേക്ഷിക്കുകയില്ല. ദൈവമേ,ഞാൻ എത്ര ബലഹീനയാണന്നു നിനക്കറിയാമല്ലോ. കുത്സിതത്തിന്റെ ഒരു ഗർത്തം തന്നെയാണു ഞാൻ, ഞാൻ ഒന്നുമല്ല. എന്നെ തനിയെ വിടുകയും ഞാൻ വീഴുകയും ചെയ്താൽ അതു വലിയ വിചിത്രമായിരിക്കും. അതു കൊണ്ട് ഈശോയെ നീ നിസ്സഹായകയായ ഒരു കുട്ടിയുടെ അടുക്കൽ അമ്മ നിൽക്കുന്നതുപോലെ, അതിനേക്കാൾ കൂടുതലായി നീ എന്റെ അടുത്തു നിൽക്കണം.
ദൈവമേ, ഒരേ തെറ്റിൽ തന്നെ പതിവായി വീഴാതിരിക്കാൻ നിന്റെ കൃപ എന്നെ സഹായിക്കട്ടെ. ഞാൻ പാപത്തിൽ വീണുപോയാൽ ഉടൻ തന്നെ എഴുന്നേൽക്കുവാനും നിന്റെ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനും എനിക്കു ശക്തി നൽകണമേ. ആമ്മേൻ