Social Media
"സഹിക്കുക ആരാധിക്കുക" | തപസ്സു ചിന്തകൾ 43
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 03-04-2023 - Monday
'നിന്റെ ഹൃദയത്തില്‍ എരിഞ്ഞു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്‌നേഹത്തില്‍ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളില്‍ സഹനത്തിനു മൂല്യം നല്‍കുന്നത് സ്‌നേഹമാണ്'
ഇന്‍ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ഒരു വൈദികന്റെ പ്രാര്‍ത്ഥനാ ഡയറിക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തിലെ 2010 മാര്‍ച്ചുമാസം ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയില്‍ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനു സഹായകരമാണ്:
'സഹിക്കുക ആരാധിക്കുക ' എന്ന ശീര്‍ഷകത്തിലാണ് സന്ദേശം ആരംഭിക്കുന്നത്.
'നിന്റെ ഹൃദയത്തില്‍ എരിഞ്ഞു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്‌നേഹത്തില്‍ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളില്‍ സഹനത്തിനു മൂല്യം നല്‍കുന്നത് സ്‌നേഹമാണ്. ആരാധന എനിക്കു വിലപിടിപ്പുള്ളതാക്കുന്നതും എന്റെ ഹൃദയത്തിനു പ്രീതികരമാക്കുന്നതും സ്‌നേഹമാണ്. ഇതാണ് നിന്റെ ദൈവവിളി. എപ്പോഴും സ്‌നേഹത്തില്‍ സഹിക്കുക, ആരാധിക്കുക.' (പേജ് 269).
ഓശാന പാടി വലിയ ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കുന്ന നമുക്കു വേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് സഹനവും ആരാധനയും. അവ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹമാണ്. സ്‌നേഹത്തില്‍ നിറഞ്ഞ വ്യക്തിക്കു മാത്രമേ സഹനവും ആരാധനയും അര്‍ത്ഥവത്താക്കാന്‍ കഴിയൂ. ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരങ്ങള്‍ സഹനത്തിലും ആരാധനയിലും പ്രതിഫലിക്കുമ്പോള്‍ അവയ്ക്കു ദൈവതിരുമുമ്പില്‍ ഏറെ മൂല്യമുണ്ട്. അവ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്റെ നിഴലാട്ടം നമുക്കനുഭവവേദ്യമാക്കിത്തരും. സഹനത്തെ ആരാധനയാക്കി മാറ്റുമ്പോള്‍ കുരിശിന്റെ കൃപകള്‍ ജീവിതത്തില്‍ വസന്തം വിരിയിക്കാന്‍ ആരംഭിക്കും.
സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത പലപ്പോഴും 'ക്രൂശിതനോട് ചേര്‍ന്ന് എന്റെ സ്‌നേഹം ക്രൂശിക്കപ്പെട്ടു' എന്നു പറയുമായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്‌നേഹം കൊണ്ട് ഹൃദയം നിറയുമ്പോള്‍ സഹനങ്ങള്‍ ചോദിച്ചു വാങ്ങാന്‍ തുടങ്ങും, ദൈവം അനുവദിക്കുന്ന സഹനങ്ങള്‍ ഹൃദയപൂര്‍വ്വം നിറവേറ്റുമ്പോള്‍ അത് ആരാധനയായി മാറും.
വലിയ ആഴ്ച സഭ നമ്മളെ വിളിക്കുന്നത് ക്രൂശിതനോടുള്ള സ്‌നേഹത്തില്‍ സഹിക്കാനും ആരാധനയില്‍ അവനോടൊപ്പമായിരിക്കുവാനുമാണ്.