Arts

പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതകഥ കേരളത്തിലും പ്രദര്‍ശനം തുടരുന്നു

പ്രവാചകശബ്ദം 13-04-2023 - Thursday

കൊച്ചി: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ തീയേറ്ററുകളിലും സിനിമയുടെ പ്രദര്‍ശനം തുടരുന്നുണ്ട്. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ശക്തമായ ക്രിസ്തീയ പ്രമേയത്തിലുള്ള സിനിമയുടെ ഓരോ നിമിഷവും മനോഹരമാണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്.

ക്രിസ്തുനാമത്തിന്റെയും കുരിശിന്റെയും ശക്തി, പൗരോഹിത്യത്തിന്റെയും കുമ്പസാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിന്റെ ശക്തി, സഭാമാതാവിന്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാന്‍ സഹായകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന ചിത്രമാണ് 'ദി പോപ്‌സ് എക്‌സോര്‍സിസ്റ്റ്'എന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോഷി മയ്യാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു. താമരശ്ശേരി രൂപത വൈദികനായ ഫാ. സബിന്‍ തൂമുള്ളില്‍ പങ്കുവെച്ച കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്.

ഫാ. സബിന്‍ തൂമുള്ളില്‍, സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ ഇങ്ങനെ: ‍

വളരെ യാദൃശ്ചികമായാണ് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ എന്ന ഹോളിവുഡ് സിനിമ തിയേറ്ററിൽ പോയി കണ്ടത്. റോമാരൂപതയുടെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ പ്രസിദ്ധമായ "ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ" എന്ന പുസ്തകത്തിൽനിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സിനിമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഗ്ലാഡിയേറ്റർ സിനിമയിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച റസ്സല്‍ ക്രോ വളരെ തന്മയത്വത്തോടെ ഫാ. ഗബ്രിയേൽ അമോർത്തിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കൊമേർഷ്യൽ ഹോളിവുഡ് സിനിമയുടെ എല്ലാ മേമ്പൊടികളും കൃത്യമായി ചാലിച്ച് ആസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

ഗബ്രിയേൽ അമോർത്ത് എന്ന ഭൂതോച്ചാടകൻ തൻ്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളും ഈ സിനിമയിൽ ചേർത്തിട്ടുണ്ട് എന്നുള്ളത് ഈ സിനിമയുടെ തിരക്കഥയെ സമ്പന്നമാക്കുന്നു. മന:ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ പിശാച് ഒരു കെട്ടുകഥയും അന്ധവിശ്വാസവും ആണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പിശാച് ഒരു യാഥാർത്ഥ്യം ആണെന്ന്‍ ഈ സിനിമ വ്യക്തമാക്കുന്നു.

പിശാചുക്കളെക്കുറിച്ചും വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിലും സംഭവങ്ങളിലും അവർക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും കൃത്യമായ ദിശാബോധം നൽകാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

സാത്താൻ ഇല്ലായിരുന്നെങ്കിൽ ദൈവം മനുഷ്യാവതാരം ചെയ്യുകയും കുരിശിൽ മരിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പിശാചുക്കൾ ഇല്ലായിരുന്നുവെങ്കിൽ 'അവർ എൻ്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും' എന്ന ക്രിസ്തുവിൻ്റെ വചനം ഉണ്ടാകുമായിരുന്നില്ല. എന്താണ് പൈശാചിക സ്വാധീനം എന്നും വിശ്വാസം കൊണ്ട് എങ്ങനെയാണ് സാത്താനെ അതിജീവിക്കേണ്ടത് എന്നും ഈ സിനിമ വ്യക്തമാക്കിത്തരുന്നു.

പിശാച് ഇല്ലായെങ്കിൽ പിന്നെ സഭയുടെ പ്രസക്തി എന്ത്? ഈ ചോദ്യം സിനിമയിൽ ഉടനീളം മുഴങ്ങുമ്പോൾ, പരിശുദ്ധ കത്തോലിക്കാ സഭയെ യേശുക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന, പിശാചിൻ്റെ തല തകർക്കാനുള്ള ദൗത്യമാണ് അഭ്രപാളികളിൽ നിറയുന്നത്. വിശുദ്ധ കുരിശിന്റെ ശക്തി, പൗരോഹിത്യത്തിന്റെ ശക്തി, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധ മിഖായേലിന്റെയും മാധ്യസ്ഥ്യസഹായത്തിന്റെ ശക്തി എന്നിവയെ പ്രത്യക്ഷത്തിൽത്തന്നെ ഉയർത്തിക്കാണിക്കുന്നുണ്ട്. സർവ്വോപരി, വിശുദ്ധ കുമ്പസാരം എന്ന കൂദാശ എന്തുകൊണ്ട് ഈ കാലഘട്ടത്തിൽ ഇത്രമേൽ അവഹേളിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഈ സിനിമ കൃത്യമായ ഉത്തരം നൽകുന്നുണ്ട്.

"നിൻ്റെ പാപങ്ങൾ നിന്നെ വേട്ടയാടും" എന്ന് പിശാച് അമോർത്തിനോട് വിളിച്ചു പറയുമ്പോൾ, ഇല്ല എൻ്റെ പാപങ്ങൾ എൻ്റെ ക്രിസ്തുനാഥൻ വിശുദ്ധ കുമ്പസാരത്തിലൂടെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നിടത്ത് കുമ്പസാരത്തിന്റെ ശക്തി എത്ര വലുതാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒട്ടുവളരെ ക്രിസ്തീയ ബോധ്യങ്ങൾ നൽകാൻ, അഭിമാനത്തോടെ ഈ ക്രിസ്തു വിശ്വാസത്തിൽ ജീവിക്കാൻ ഊർജ്ജം പകരുന്ന ഒരു നല്ല സിനിമ എന്ന നിലയിൽ ഈ ഈ സിനിമ ഒരു വിജയം തന്നെയാണ്. സാധിക്കുമെങ്കൽ ഈ സിനിമ എല്ലാവരും കാണുക. ഒരു നല്ല അനുഭവം ആയിരിക്കും, ഉറപ്പ്! NB:Horror സിനിമ ആണ്. അതിനാൽ ചെറിയ കുട്ടികൾ പേടിക്കാൻ സാധ്യത ഉണ്ട്. - Sabin Thoomullil.



ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ് മാര്‍പാപ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ദി വിച്ച്, ദി ഗ്രീന്‍ ക്നൈറ്റ് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ റാല്‍ഫ് ഇനെസനാണ് പിശാചിന് ശബ്ദം നല്‍കുന്നത്. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു.

1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. അതേസമയം സിനിമയ്ക്ക് വേണ്ട പബ്ലിസിറ്റി വേണ്ടത്ര രീതിയിൽ ലഭിക്കാത്തതിനെ തുടർന്ന് കാഴ്ചക്കാർ കുറവായതിനാൽ വരും ദിവസങ്ങളിൽ സിനിമ തീയറ്ററുകളിൽ നിന്ന് പിൻവലിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »