Youth Zone

221 ദിവസം, 10 രാജ്യങ്ങള്‍, 3,500 മൈലുകള്‍: കാല്‍നട തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ഈ ഇരുപത്തിമൂന്നുകാരന്‍ ഫാത്തിമയില്‍

പ്രവാചകശബ്ദം 19-04-2023 - Wednesday

ഫാത്തിമ: മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫാത്തിമായിലേക്ക് പത്തോളം രാജ്യങ്ങള്‍ പിന്നിട്ട് മൂവായിരത്തിയഞ്ഞൂറോളം മൈലുകള്‍ താണ്ടി പോളണ്ടില്‍ നിന്നും കാല്‍നടയായി തീര്‍ത്ഥാടനം നടത്തിയ പോളിഷ് യുവാവ് മാധ്യമ ശ്രദ്ധ നേടുന്നു. പോളണ്ടില്‍ ബാര്‍ബറായി തൊഴില്‍ ചെയ്യുന്ന ജാക്കൂബ് കാര്‍ലോവിക്സ് ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് 221 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ഫാത്തിമയില്‍ എത്തിയത്. യാത്രയിലുടനീളം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു തീര്‍ത്ഥാടനം. യാത്രയുടെ തുടക്കം മുതലുള്ള വിവരങ്ങളും വീഡിയോകളും "Pod Opieką Boga" അഥവാ “ Under the Care of God” എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിരിന്നുവെന്നതും അത് ആയിരങ്ങള്‍ കണ്ടിരിന്നുവെന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുത.

പണമോ, വസ്ത്രങ്ങളോ, ഭക്ഷണമോ യാതൊന്നും കൈയില്‍ കരുതാതെ കഴിഞ്ഞ വര്‍ഷം ജൂലൈ 17-നാണ് പരിശുദ്ധ കന്യകാമാതാവിന്റെ മാദ്ധ്യസ്ഥം തേടി കാര്‍ലോവിക്സിന്റെ യാത്ര തുടങ്ങിയത്. എന്തുടുക്കും? എന്ത് ഭക്ഷിക്കും? എവിടെ ഉറങ്ങും? എന്നൊന്നും ആകുലപ്പെടാതെ ദൈവത്തിന്റെ സംരക്ഷണയില്‍ സ്വയം സമര്‍പ്പിച്ചാണ് കാര്‍ലോവിക്സ്‌ നടന്നത്. എന്നാല്‍ 221 ദിവസം നീണ്ട തീര്‍ത്ഥാടനത്തില്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും വിശന്നിരിക്കേണ്ടി വന്നില്ല. ചെന്നെത്തിയ ഓരോ രാജ്യത്തിലേയും സന്ദര്‍ശിച്ച ഒരോ ഗ്രാമങ്ങളിലും നിസ്വാര്‍ത്ഥമായ സ്നേഹവും, ദയയും, പിന്തുണയുമാണ്‌ ലഭിച്ചതെന്ന് ഈ യുവാവ് പറയുന്നു.

ഫ്രാന്‍സില്‍വെച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞ ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു വീഡിയോയിലെ വിവരണം ഏറെ ശ്രദ്ധ നേടിയിരിന്നു. ചീറിപാഞ്ഞുവന്ന ഒരു ബി.എം.ഡബ്യു കാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കുകയും, കാറില്‍ നിന്നും മുഖം മൂടി ധരിച്ച കുറച്ചു ആളുകള്‍ പുറത്തിറങ്ങി വണ്ടിയുടെ ഡിക്കി തുറന്നു മൂന്ന്‍ ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയിട്ട് പെട്ടെന്ന് പോയെന്നുമാണ് കാര്‍ലോവിക്സ്‌ പറയുന്നത്. തീര്‍ത്ഥാടനത്തില്‍ ഉടനീളം ജനങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നു കാര്‍ലോവിക്സ്‌ തുറന്നു സമ്മതിക്കുന്നു. തങ്ങളുടെ വീട്ടിലേക്ക് അതിഥികളായി ക്ഷണിച്ചവര്‍ നിരവധി.

പുതിയ സാധനങ്ങള്‍ വരെ ആളുകള്‍ വാങ്ങി നല്‍കുകയുണ്ടായി. പോകുന്നിടത്തെല്ലാം തന്റെ തൊഴിലായ മുടിവെട്ടും, ഷേവിംഗും നടത്തി യാത്രയ്ക്കിടെ കുറച്ച് തുകയും ഇതിനിടെ സ്വരൂപിച്ചു. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോകത്തെ ഏറ്റവും ഫലപ്രദമായ ആയുധം ജപമാല ആണെന്നാണ്‌ കാര്‍ലോവിക്സ്‌ പറയുന്നത്. സ്ലോവാക്യ, ഹംഗറി, ബോസ്നിയ, ക്രോയേഷ്യ, സ്ലോവാനിയ, വെനീസ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ വഴിയാണ് അദ്ദേഹം ഫാത്തിമയില്‍ എത്തിയത്. പ്രതിദിനം 20 മുതല്‍ 30 മൈലുകളോളമാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാല്‍ വരും നാളുകളില്‍ കൂടുതല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കാല്‍നടയായി സന്ദര്‍ശിച്ച് തന്നെ മടങ്ങുവാനാണ് ഈ യുവാവിന്റെ തീരുമാനം.

More Archives >>

Page 1 of 38