Youth Zone
മണിപ്പൂരി യുവജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 19-06-2023 - Monday
ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കെ മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12-ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മെത്രാപ്പോലീത്ത വാഗ്ദാനം നല്‍കിയത്. മണിപ്പൂരി യുവജനങ്ങള്‍ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നുള്ള അലോഷ്യസ് കാന്തരാജ് പറഞ്ഞു.
ബാംഗ്ലൂര്‍ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും, രൂപതയുടെ കീഴില്‍ നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ക്ക് തുടര്‍ന്ന്‍ പഠിക്കാമെന്നും തങ്ങളുടെ ഹോസ്റ്റലുകളില്‍ സൗജന്യമായി താമസിക്കാമെന്നും മെത്രാപ്പോലീത്ത മണിപ്പൂരി യുവജനങ്ങളോട് പറഞ്ഞതായി 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തെ തുടര്‍ന്നു ഭവനരഹിതരായവരെ സഹായിക്കുവാനുള്ള സന്നദ്ധതയും മെത്രാപ്പോലീത്ത അറിയിച്ചു. നേരത്തെ ബെംഗളൂരുവില്‍ താമസിക്കുന്ന ജെസ്യൂട്ട് വൈദികനും മണിപ്പൂര്‍ സ്വദേശിയുമായ ഫാ. ജെയിംസ് ബെയ്പേയിയാണ് മണിപ്പൂരി യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിച്ചത്.
കലാപം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ വംശീയവും, വര്‍ഗ്ഗീയവുമായ സംഘര്‍ഷത്തിന് ഇരയായികൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യം കണക്കിലെടുത്താണ് മണിപ്പൂരിലെ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളിലെ യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിക്കുവാന്‍ മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ആരാധനാലയങ്ങളും, താമസസ്ഥലങ്ങളും ആക്രമിക്കുകയാണെന്നും, അതിനാല്‍ യുവജനങ്ങളെ കൂടുതല്‍ സുരക്ഷിതമായ ബാംഗ്ലൂരിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തതിനും, അവര്‍ക്ക് അഭയവും, വിദ്യാഭ്യാസ സൗകര്യവും നല്‍കിയതിനും അദ്ദേഹം ആര്‍ച്ച് ബിഷപ്പ് മച്ചാഡോക്ക് നന്ദി പറഞ്ഞു.
ഡ്രീം ഇന്ത്യ നെറ്റ്വര്‍ക്കിന്റെ ഡയറക്ടറും സലേഷ്യന്‍ വൈദികനുമായ ഫാ. എഡ്വാര്‍ഡ് തോമസും മണിപ്പൂരിലെ യുവജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാംഗളൂരിലെ മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായ ഫാ. ലൌര്‍ഡു സേവ്യര്‍ സന്തോഷ്, സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ റോസാലി തുടങ്ങിയവരും മണിപ്പൂരി യുവജങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിനും, താമസത്തിനും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം സമാനതകളില്ലാത്ത പീഡനങ്ങളിലൂടെയാണ് മണിപ്പൂരിലെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്.
Tag: Bangalore archbishop offers free education, hostel for displaced Manipur youth, Archbishop Peter Machado christians Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക