Youth Zone

നോമ്പുകാലത്ത് പ്രോലൈഫ് ക്യാമ്പയിന്‍ വഴി ഭ്രൂണഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് 680 കുരുന്നു ജീവനുകളെ

പ്രവാചകശബ്ദം 29-04-2023 - Saturday

ന്യൂയോര്‍ക്ക്: നോമ്പുകാലത്ത് നടന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് സ്പ്രിംഗ് പ്രോലൈഫ് ക്യാമ്പയിൻ വഴി 680 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. ഇതോടുകൂടി 2007ൽ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിൻ ആരംഭിച്ചതിനുശേഷം ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയ ഗര്‍ഭസ്ഥ ശിശുക്കളുടെ എണ്ണം 23,528 ആയി ഉയര്‍ന്നു. ഫെബ്രുവരി 22 മുതൽ ഏപ്രിൽ രണ്ടു വരെ നടന്ന ക്യാമ്പയിനിൽ മൂന്ന് ഭ്രൂണഹത്യ ക്ലിനിക്കുകൾ അടച്ചുപൂട്ടിയെന്നും, ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന മൂന്നുപേർ മാനസാന്തരപ്പെട്ട് പ്രോലൈഫ് നിലപാടിലേക്ക് എത്തിയെന്നും ഇബേരോ-അമേരിക്കയിലെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എസിഐ പ്രൻസാ മാധ്യമത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കൊളംബിയയിലാണ് ഏറ്റവും കൂടുതൽ ഗർഭസ്ഥ ശിശുക്കൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെട്ടത്. ഇവിടെ 44 ശിശുക്കളെയാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ സാധിച്ചത്. മെക്സിക്കോയിൽ 11 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. ഭ്രൂണഹത്യ ഇല്ലാതാക്കണമെന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം പ്രാർത്ഥിക്കുക എന്നതാണെന്ന് ഇബേരോ-അമേരിക്കയിലെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിൻ അധ്യക്ഷ ലൂർദ്ദസ് വറേല എസിഐ പ്രൻസയോട് പറഞ്ഞു. നമുക്ക് പോകാൻ സാധിക്കുന്നതിന്റെ അപ്പുറം, ദൈവത്തിന്റെ സഹായത്തോടെ പോകാൻ സഹായിക്കുന്ന പരിത്യാഗമാണ് ഉപവാസമെന്നും വറേല കൂട്ടിച്ചേർത്തു.

ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന്റെ ശ്രമഫലമായി അമേരിക്കയിൽ മാത്രം ഇതുവരെ 139 ഭ്രൂണഹത്യ ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന 250 പേർ ജോലി ഉപേക്ഷിച്ചു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ നടത്തുന്ന പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും, ആളുകളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും ഭ്രൂണഹത്യ ഇല്ലാതാക്കുന്ന രീതിയാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് സംഘടന തങ്ങളുടെ ക്യാമ്പയിനിലൂടെ നടത്തുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് ദൈവമുമ്പാകെ മുട്ടുകുത്താൻ ആവശ്യപ്പെടുകയാണെന്നും സംഘടന പ്രസ്താവിച്ചു.


Related Articles »