News - 2025

പരദൂഷണം മനസ്സിന്റെ ഭീകരപ്രവർത്തനം: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 09-09-2015 - Wednesday

ഭിന്നതയ്ക്കുള്ള വഴിയൊരുക്കൽ, വിദ്വേഷം വളർത്തൽ, സമാധാനഭംഗത്തിന് ഇടവരുത്തുന്ന പ്രവർത്തികൾ - ഇതെല്ലാം നമ്മെ ബാധിച്ചിരിക്കുന്ന രോഗങ്ങളാണെന്ന് മാർപാപ്പ ദിവ്യബലി അർപ്പിക്കുന്ന അവസരത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഒരു ഭീകരൻ ജനങ്ങളുടെ ഇടയിലേക്ക് ഒരു ബോംബ് എറിഞ്ഞിട്ട് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോകുന്നതുപോലെയാണ് പരദൂഷണക്കാരനും ചെയ്യുന്നത്.

ഈ രണ്ട് അവസരങ്ങളിലും ദുഷ്കർമ്മം ചെയ്യുന്നയാൾ സ്വന്തം സുരക്ഷ ഉറപ്പാക്കിയിരിക്കും.

നിങ്ങൾ ഓരോരുത്തരും സ്വയം ആത്മപരിശോധന നടത്തുക: നിങ്ങൾ സമാധാനത്തിന്റെ വിത്ത് വിതയ്ക്കുന്നവരാണോ, അതോ, പരദൂഷണത്തിന്റെ ബോബ് വർഷിക്കുന്നവരോ?

അദ്ദേഹം പറഞ്ഞു. " ഇതൊരു തിന്മയാണ്. നമ്മെ ബാധിച്ചിരിക്കുന്ന രോഗം. - ഭിന്നിപ്പിക്കുക, വിദ്വേഷം വളർത്തുക, സമാധാനഭംഗത്തിനുള്ള വഴിയൊരുക്കുക. ഈ രോഗങ്ങളിൽ നിന്നും നാം മുക്തമാകേണ്ടിയിരിക്കുന്നു! "

ക്രൈസ്തവർ യേശുവിന്റെ അനുയായികളാണ്. നമ്മൾ യേശുവിനെ പോലെയായി മാറേണ്ടിയിരിക്കുന്നു.

യേശു സമാധാന സംസ്ഥാപനത്തിനായാണ് എത്തിയത്.അനുരഞ്ജനത്തിന്റെ മാർഗ്ഗമാണ് അദ്ദേഹം കാണിച്ചു തന്നത്. അതിനായി നമ്മുടെ മനസ്സ് എപ്പോഴും പരിവർത്തന വിധേയമായിരിക്കണം.

ഭിന്നതയുണർത്തുന്ന ഒരു വാക്കും നിങ്ങളുടെ നാവിൽനിന്നും വീഴരുത് ! യുദ്ധം, വഴക്ക്, സ്പർദ്ധ - ഇതൊന്നും നിങ്ങളുടെ വാക്കുകൾ മൂലം സൃഷ്ടിക്കപ്പെടരുത്. ഒരിക്കലും പരദൂഷണമരുത് !

ബോംബെറിയുന്നവർ നാശം വിതയ്ക്കുന്നതുപോലെ, പരദൂഷണം പറയുന്നവനും നാശം വിതയ്ക്കുകയാണ് ചെയ്യുന്നത് - അവൻ നാവുകൊണ്ട് നാശം വിതയ്ക്കുന്നു.

"പക്ഷേ, പരദൂഷണം പറയുന്നവർ സൂത്രശാലികളാണ് ; അവർ ആത്മഹത്യാ ബോംബർ അല്ല! അവരുടെ രക്ഷ അവർ കൃത്യമായി നോക്കിയിരിക്കും."

ഭക്തർക്ക് സരസമായ ഒരു ഉപദേശം കൊടുത്തുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു - ആരെ പറ്റിയെങ്കിലും ദോഷം പറയാൻ അടങ്ങാത്ത ആഗ്രഹം തോന്നിയാൽ, നാവ് കടിച്ചു പിടിക്കുക! "വേദനിക്കും! നാവ് കടി കൊണ്ട് വീർക്കും. കാരണം സാത്താൻ നിങ്ങളുടെ വായ തുറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ അവസാനം നിങ്ങൾ വിജയിക്കും. സാത്താൻ തോൽക്കും. കാരണം, യേശു നിങ്ങളുടെ കൂടെയുണ്ടല്ലോ.!"

More Archives >>

Page 1 of 6