News
ആഗോള സിനഡില്‍ മെത്രാന്മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും
പ്രവാചകശബ്ദം 04-10-2023 - Wednesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ അമേരിക്കയെയും കാനഡയെയും പ്രതിനിധീകരിച്ച് മെത്രാന്‍മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും. ഫിലാഡെല്‍ഫിയായിലെ സെന്റ് ജോസഫ് സര്‍വ്വകലാശാലയിലെ ഫിസിസിക്സ്, തിയോളജി വിദ്യാര്‍ത്ഥിനിയും, പോളിഷ് സ്വദേശിനിയുമായ ജൂലിയ ഒസേകയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഇന്ന് ഒക്ടോബര്‍ 4 മുതല്‍ 28 വരെ വത്തിക്കാനില്‍വെച്ചാണ് സിനഡ് നടക്കുക. 2022-ലാണ് ഒസേക ഫിലാഡെല്‍ഫിയ അതിരൂപതയിലെ കാത്തലിക് ഹയര്‍ എജ്യൂക്കേഷന്റെ സിനഡാലിറ്റി (എസ്.സി.എച്ച്.ഇ.എ.പി) വിദ്യാര്‍ത്ഥി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സൂനഹദോസില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തിനും പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് എസ്.സി.എച്ച്.ഇ.എ.പി.
കഴിഞ്ഞ വര്‍ഷം കോളേജുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ലാ സല്ലെ സര്‍വ്വകലാശാലയില്‍ ഫിലാഡെല്‍ഫിയ ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ പെരേസിന്റെ നേതൃത്വത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് എസ്.സി.എച്ച്.ഇ.എ.പി അംഗങ്ങളില്‍ ഒസേക ഉള്‍പ്പെടെ മൂന്ന്‍ പേരെ സൂനഹദോസിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അസംബ്ലി അംഗങ്ങളായി തെരഞ്ഞെടുത്തത്. സഭ ആളുകളെ കേള്‍ക്കുവാനും, ക്ഷണിക്കുവാനും, വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പങ്കെടുപ്പിക്കുവാനും തുടങ്ങിയതിന്റെ അടയാളമാണ് ഈ നടപടിയെന്നു ഒസേക പറഞ്ഞു.
ഇതാദ്യമായാണ് ഒരു സൂനഹദോസില്‍ മെത്രാന്‍മാര്‍ അല്ലാത്തവര്‍ കൂടി വോട്ടിംഗ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത 366 വോട്ടിംഗ് പ്രതിനിധികളില്‍ മൂന്നിലൊരു ഭാഗവും അല്‍മായരും, വൈദികരും, സന്യാസിനിമാരും, ഡീക്കന്‍മാരുമാണ്. ഇതില്‍ 54 പേര്‍ വനിതകളാണ്. സെന്റ് ജോസഫ് സര്‍വ്വകലാശാലയുടെ പ്രസിദ്ധമായ ജോണ്‍ പി. മക്നള്‍ട്ടി പ്രോഗ്രാമിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ള ഏക വനിതയാണ് ഒസേക. വ്യോമിംഗ് സര്‍വ്വകലാശാലയിലെ അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയുമായ വ്യാട്ട് ഒലിവാസും വോട്ടിംഗില്‍ പങ്കെടുക്കുന്നുണ്ട്.