India - 2024

ഇസ്രായേല്‍ - പാലസ്തീന്‍ പോരാട്ടം: പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പ്രവാചകശബ്ദം 11-10-2023 - Wednesday

കൊച്ചി: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ മേഖലയിൽ സമാധാനം എത്രയും വേഗം പുനസ്ഥാപിക്കുന്നതിന് പള്ളികളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നു സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്.

ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക്‌ വിസായിൽ താമസിക്കുന്നുണ്ട്. പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്. സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും ആയിരിക്കുന്ന ധാരാളം പേരുണ്ട്. ഇസ്രായേലിലെ സഹോദരങ്ങളും അവരുടെ കുടുംബാഗങ്ങളും കടുത്ത മാനസിക വൈകാരിക സംഘർഷത്തിലൂടെ കടന്ന് പോകുകയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഇടവകകളും സംഘടനകളും ഇസ്രായേലിൽ ആയിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയും അവർക്ക് ആത്മവിശ്വാസം പകരുകയും വേണം. പതിവിൽ നിന്നും വ്യത്യസ്തമായി സംഘർഷത്തിനപ്പുറം പൂർണ യുദ്ധത്തിന്റെ സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്ന് മനസിലാക്കുന്നു. വാർത്തകൾ അനുസരിച്ച് ഇസ്രായേലിൽ എണ്ണായിരത്തോളം മലയാളികൾ ഉണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു.

ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ഡൽഹി വിദേശകാര്യ മന്ത്രാലയവും സംസ്ഥാന ഗവണ്മെന്റും ഏകോപിതമായി ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കേണ്ട സാഹചര്യം ഉണ്ട്. ഇസ്രായേലിലേക്ക് വിമാനസർവീസുകൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയച്ച് ആളുകളെ തിരികെയെത്തിക്കുന്ന കാര്യവും പരിഗണിക്കണം. മേഖലയിൽ സമാധാനം എത്രയും വേഗം പുനസ്ഥാപിക്കുന്നതിന് പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.

More Archives >>

Page 1 of 552