News - 2024
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും മോചിതരായി
പ്രവാചകശബ്ദം 20-10-2023 - Friday
അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചു പേരും മോചിതരായി. എല്ലാവരും സുരക്ഷിതരാണെന്നും സര്‍വ്വശക്തനായ ദൈവത്തിനും, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും മിഷ്ണറി ഡോട്ടേഴ്‌സ് ഓഫ് മെറ്റർ എക്ലേസ്യ സമൂഹത്തിന്റെ ജനറൽ സിസ്റ്റര്‍ ഗ്ലോറിയ നബുച്ചി പറഞ്ഞു. ഈ പരീക്ഷണ നിമിഷത്തിലുടനീളം ദയാപൂർവമായ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും മഹത്വം ദൈവത്തിനുള്ളതാണെന്നും സിസ്റ്റര്‍ ഗ്ലോറിയ കൂട്ടിച്ചേര്‍ത്തു.
മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി. ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലായിരിന്നു. ഇന്നലെയാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ച് മിഷ്ണറി ഡോട്ടേഴ്‌സ് ഓഫ് മെറ്റർ എക്ലേസ്യ സമൂഹം രംഗത്തുവന്നത്.
2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരം ഭീഷണിയുടെ വക്കിലാണ്. നൈജീരിയയില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്.