News - 2025
ക്രൈസ്തവർ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉത്തര കൊറിയയും നൈജീരിയയും ആദ്യസ്ഥാനങ്ങളില്‍
പ്രവാചകശബ്ദം 05-11-2023 - Sunday
വാഷിംഗ്ടണ്‍ ഡിസി: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം സഹിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 'പെർസിക്യൂട്ടേർസ് ഓഫ് ദ ഇയർ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നൈജീരിയയും, ഉത്തര കൊറിയയും ഇടം നേടി. പിന്നാലെ വരുന്ന രാജ്യങ്ങൾ ഇന്ത്യ, ഇറാൻ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണെന്ന് സംഘടനയുടെ അധ്യക്ഷൻ ജഫ് കിങ് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചില രാജ്യങ്ങൾ ആദ്യമായിട്ടാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ പട്ടികയിൽ ഉള്ള ചില രാജ്യങ്ങളിൽ കാലങ്ങളായി ക്രൈസ്തവർ പീഡനം നേരിടുന്നുണ്ടെന്ന് ജഫ് കിങ് ചൂണ്ടിക്കാട്ടി. നൈജീരിയയിൽ മാത്രം ഒരു ലക്ഷത്തോളം ക്രൈസ്തവർ കഴിഞ്ഞ 20 വർഷത്തിനിടയിൽ കൊല്ലപ്പെട്ടുവെന്ന് കിങ് വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളായ ഏകദേശം 35 ലക്ഷത്തോളം കൃഷിക്കാർക്ക് തങ്ങളുടെ കൃഷിസ്ഥലം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയോ, കൃഷിസ്ഥലം കയ്യേറ്റക്കാർക്ക് വിട്ടു നൽകേണ്ട സാഹചര്യം വരികയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ഉത്തര നൈജീരിയയും, ക്രൈസ്തവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ദക്ഷിണ നൈജീരിയയും തമ്മിൽ ആഭ്യന്തര യുദ്ധം വരെ സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകിയ ജഫ് കിങ് അങ്ങനെ സംഭവിച്ചാൽ അത് ആധുനിക കാലഘട്ടത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരു അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും പറഞ്ഞു. ഞായറാഴ്ച ലോകമെമ്പാടും പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥനാ ദിനമായി ആചരിക്കണമെന്ന് സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്.