Sunday Mirror - 2024
പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണം ലോകത്തോട് പ്രഘോഷിക്കുന്ന 10 സത്യങ്ങള്‍
സ്വന്തം ലേഖകന്‍ 15-08-2020 - Saturday
ആഗസ്റ്റ് 15ാം തിയതി മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അത് ലോകത്തോട് പ്രഘോഷിക്കുന്ന സത്യങ്ങള്‍.
1. നമ്മുടെ ഓരോരുത്തരുടെയും ജീവിതം സ്വര്‍ഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ളതാണ്.
2. നിത്യജീവിതത്തോടു തുലനം ചെയ്യുമ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതം നൈമിഷികമാണ്.
3. നമ്മുടെ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിക്കുക എന്നുള്ളതാണ്.
4. ഈ ലോകം നമ്മുടെ മുമ്പില്‍ വച്ചു നീട്ടുന്ന കേവലമായ നേട്ടങ്ങളുടെയോ അംഗീകാരങ്ങളുടെയോ പിന്നാലെ ഓടി ജീവിച്ച് തീര്‍ക്കേണ്ടവരല്ല നമ്മള്‍.
5. കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതും മനുഷ്യമനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ ഒരു മരണാനന്തര ജീവിതം നമ്മെ കാത്തിരിക്കുന്നു.
6. ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന പരിശുദ്ധ കന്യകാമറിയം അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു.
7. നമ്മുടെ നിത്യരക്ഷക്കാവശ്യമായ ദാനങ്ങള്‍ പരിശുദ്ധ കന്യകാമറിയം തന്റെ വിവിധ തരത്തിലുള്ള മാദ്ധ്യസ്ഥം വഴി തുടര്‍ന്നും നല്‍കികൊണ്ടിരിക്കുന്നു.
8. മറിയത്തിന്റെ മനുഷ്യരോടുള്ള മാതൃധര്‍മ്മം ക്രിസ്തുവിന്റെ അതുല്യമായ മാധ്യസ്ഥത്തെ യാതൊരുവിധത്തിലും മറക്കുകയോ കുറക്കുകയോ ചെയ്യുന്നില്ല. പിന്നെയോ അതിന്റെ ശക്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
9. സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ അമ്മ അവിടെ തന്റെ പുത്രന്റെ പുനരുത്ഥാനത്തിന്റെ മഹത്വത്തില്‍ പങ്ക് ചേരുന്നു.
10. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ലോകം മുഴുവനുമുള്ള ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനമാണ്.
അതിനാല്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം നമ്മുടെ മരണാനന്തര ജീവിതത്തെ കുറിച്ച് നമ്മുക്ക് ആഴമായ ബോധ്യങ്ങള്‍ നല്‍കട്ടെ.
എല്ലാവര്‍ക്കും പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ ആശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു.