News - 2024

റഷ്യയുടെ വ്യോമക്രമണത്തിൽ കീവിലെ കത്തോലിക്ക കത്തീഡ്രലിന് നാശനഷ്ടം

പ്രവാചകശബ്ദം 01-12-2023 - Friday

മോസ്കോ: റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ കീവിൽ സ്ഥിതി ചെയ്യുന്ന യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ റിസറക്ഷൻ ഓഫ് ക്രൈസ്റ്റ് കത്തീഡ്രൽ തകര്‍ന്നു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ ഉണ്ടാക്കിയ കൃത്രിമമായ ഭക്ഷ്യക്ഷാമത്തിന്റെ ഓർമ്മ യുക്രൈന്‍ ജനത ആചരിക്കുന്ന ദിവസമാണ് ഇറാൻ നിർമ്മിത 75 ഡ്രോണുകൾ റഷ്യ യുക്രൈനിലേക്ക് അയച്ചത്. ഏകദേശം 20 ലക്ഷം മുതൽ ഒരു കോടി ആളുകൾ വരെയാണ് 1932-33 കാലഘട്ടത്തിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ ഇരകളായി അന്നു മാറിയത്.

നവംബർ ഇരുപത്തിയഞ്ചാം തീയതിയിലെ അക്രമണത്തിൽ 5 പേര്‍ക്കു പരിക്കേറ്റു. 2022 ഫെബ്രുവരി മാസം യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇത്. 74 ഡ്രോണുകളെ തകർത്തു കളഞ്ഞതായി യുക്രൈന്‍ പ്രതികരിച്ചു. സേന തകർത്ത ഡ്രോണുകളിൽ ഒരെണ്ണം കത്തീഡ്രലിന് സമീപമാണ് പതിച്ചത്.

ഡ്രോണിന്റെ പൊടിപടലങ്ങൾ കത്തീഡ്രൽ ദേവാലയത്തിന്റെ ജനാലകളുടെയും, വാതിലുകളുടെയും മേൽ പതിക്കുകയായിരുന്നു. കത്തീഡ്രലിന്റെ ബേസ്മെന്റിലെ ആറ് ജനാലകൾക്ക് നാശനഷ്ടം സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. യുക്രൈൻ ഗ്രീക്ക് സഭയുടെ തലവനായ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന്റെ വസതിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മാസത്തിനും 2023 ജനുവരി മാസത്തിനും ഇടയിൽ മാത്രം അഞ്ഞൂറോളം മതകേന്ദ്രങ്ങൾ യുക്രൈനിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 911