News - 2025
നൈജീരിയയിലെ ഇമോ സംസ്ഥാനത്ത് നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 05-12-2023 - Tuesday
അബൂജ: നൈജീരിയയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥ. ഇമോ സ്റ്റേറ്റിലെ (സതേൺ നൈജീരിയ) ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ചർച്ച് ഓഫ് ഉമുകെബിയിലെ ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയെയാണ് സായുധധാരികള്‍ ഏറ്റവും ഒടുവിലായി തട്ടിക്കൊണ്ടുപോയത്. നവംബർ 30 ന് രാത്രി 8 മണിയോടെയാണ് സംഭവം. പ്രാദേശികമായി ഫാ. ഇച്ചി എന്ന പേരില്‍ അറിയപ്പെടുന്ന വൈദികനെ തോക്കുധാരികൾ ടൌണില്‍ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആക്രമിക്കുകയായിരിന്നു.
കൊള്ളക്കാർ ആദ്യം വഴിയോരക്കച്ചവടക്കാരെ കൊള്ളയടിച്ചുവെന്നും പിന്നീട് വഴിയാത്രക്കാരനെ പരിക്കേൽപ്പിച്ചതിന് ശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഫാ. കിംഗ്സ്ലി, ഇടവകാംഗത്തിന് രോഗിലേപനം നല്‍കാന്‍ പോയപ്പോഴാണ് ആക്രമിച്ചതെന്ന് ഓക്കിഗ്‌വേ രൂപത വ്യക്തമാക്കി. 2017 മുതൽ സെന്റ് മൈക്കിൾ ഇടവകയിലെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചുവരികയായിരിന്നു. അതേസമയം നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അറുതിയില്ലാതെ തുടരുകയാണ്.