News
‘ജേര്‍ണി റ്റു ബെത്ലഹേം’ സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു
പ്രവാചകശബ്ദം 06-12-2023 - Wednesday
വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ മനുഷ്യാവതാരത്തെ കേന്ദ്രീകരിച്ചുള്ള ‘ജേര്‍ണി റ്റു ബെത്ലഹേം’ അമേരിക്കയില്‍ ഉടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ക്രിസ്തുമസിന്റെ അടിസ്ഥാനമായ യേശുവിന്റെ ജനനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സഹ-തിരക്കഥാകൃത്തും സംവിധായകനുമായ ആദം ആന്‍ഡേഴ്സ് ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ മാധ്യമമായ ‘സി.ഡബ്ല്യു.ആര്‍’-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജേര്‍ണി റ്റു ബെത്ലഹേം സിനിമ, സോണി പിക്ച്ചേഴ്സിന്റെ ഒപ്പം അഫേം ഫിലിംസും, മൊണാര്‍ക്ക് മീഡിയയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ദൃശ്യ വിരുന്നും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള പുനരാഖ്യാനമാണ് ഈ സിനിമയെന്നു ആദം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വേഷം മിലോ മാൻഹൈം അവതരിപ്പിച്ചപ്പോള്‍ ഫിയോണ പലോമോയാണ് കന്യകാമറിയത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ രചനയ്ക്കും സംവിധാനത്തിനും പ്രചോദനം നല്‍കിയ കാര്യം എന്തായിരുന്നു? എന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നതിന്റെ സംഭവക്കഥയാണ് ‘ഈ സിനിമയെന്നു ആന്‍ഡേഴ്സിന്റെ മറുപടി. താനൊരു സംഗീത രചയിതാവാണെന്നും സംഗീതം തന്റെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ആന്‍ഡേഴ്സ്, സംഗീതാത്മകമല്ലാതെ ഈ കഥ പറയുവാന്‍ തനിക്ക് കഴിയുകയില്ലെന്നും, ഇതൊരു കുടുംബചിത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസ് അടുത്തുകൊണ്ടിരിക്കുകയും, നിരവധി ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകള്‍ പുറത്തുവരികയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകളില്‍ നിന്നും ഈ സിനിമക്ക് എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യത്തിന്, എന്നെ സംബന്ധിച്ചിടത്തോളം എന്തിന് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു എന്നതിനെ കുറിച്ച് പറയുന്ന സിനിമയാണിതെന്നും മറ്റ് സിനിമകള്‍ ഇതിനെക്കുറിച്ച് പറയുന്നില്ലെന്നുമായിരുന്നു സംവിധായകന്റെ മറുപടി. സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് 'സന്തോഷം' ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആന്‍ഡേഴ്സ് പറഞ്ഞു. നാലു പ്രാവശ്യം ഗ്രാമ്മി അവാര്‍ഡിനും, ഒരു പ്രാവശ്യം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ആന്‍ഡേഴ്സ്.