India - 2024

41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 19-12-2023 - Tuesday

പാലാ: 41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാല്‍ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തിലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതാണ് രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍. കേരളസഭാനവീകരണത്തിന്റെ ഈ നാളുകളില്‍ ദിവ്യകാരുണ്യ വര്‍ഷത്തിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ പരിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും നയിക്കാന്‍ സഹായകരമാകുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

23 ന് ദിവ്യകാരുണ്യദിനമായും യുവജനവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരമായും ആഘോഷിക്കപ്പെടും.അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ നയിക്കും. പാലാ രൂപതയിലെ മുഴുവന്‍ വിശ്വാസസമൂഹം പങ്കെടുക്കുന്നതിനായി ഈ വര്‍ഷം സായാഹ്ന കണ്‍വെന്‍ഷനായിട്ടാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും നാലിന് വിശുദ്ധ കുര്‍ബാനയോടെയും ആരംഭിച്ച് രാത്രി ഒന്‍പതിന് ദിവ്യകാരുണ്യആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

19 ന് വൈകുന്നേരം അഞ്ചിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 20 മുതലുള്ള കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പബ്ലിസിറ്റി, സ്വീകരണം, ഫിനാന്‍സ്, വിജിലന്‍സ്, പന്തല്‍, അക്കമഡേഷന്‍, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയര്‍, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും.

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു ജനങ്ങള്‍ക്ക് ദൈവവചനം കേള്‍ക്കാനും ദൈവാരാധനയില്‍ പങ്കെടുക്കാനും വേണ്ട ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ പന്തലും മറ്റു സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു. പാലാ ബിഷപ്‌സ് ഹൗസില്‍വച്ച് നടന്ന പത്രസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), ഫാ. കുര്യന്‍ മറ്റം (വോളന്റിയേഴ്‌സ് ചെയര്‍മാന്‍), ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോര്‍ജുകുട്ടി ഞാവള്ളില്‍ (പബ്ലിസിറ്റി കണ്‍വീനേഴ്‌സ്), സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ജിമ്മിച്ചന്‍ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Archives >>

Page 1 of 562