News - 2024
നൈജീരിയയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊല്ലപ്പെട്ടത് 160 ക്രൈസ്തവര്‍
പ്രവാചകശബ്ദം 27-12-2023 - Wednesday
അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ ക്രിസ്തുമസ് ദിനം വരെ നടന്ന ആക്രമണങ്ങളിൽ 160 പേരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. ബാർകിൻ ലാഡി, ബോക്കോസ്, മാംഗു കൗണ്ടികളിലെ ഗ്രാമങ്ങളിലെ കൂട്ടക്കൊലകളിൽ വചനപ്രഘോഷകര്‍ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്.
ഡെയേഴ്‌സ് ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചർച്ചിലെ വചനപ്രഘോഷകനായ സോളമൻ ഗുഷെയെയും അദ്ദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങളെയും അക്രമികൾ കൊലപ്പെടുത്തിയതായി ബോക്കോസ് കൗണ്ടി പ്രദേശവാസിയായ ഡോസിനോ മല്ലു പറഞ്ഞു.
നൂറുകണക്കിന് ഭീകരരാണ് ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിച്ചത്. ക്രിസ്തുമസ് പരിപാടികൾക്ക് തയ്യാറെടുക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊല്ലപ്പെട്ട ക്രൈസ്തവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. നൂറുകണക്കിന് വീടുകൾ അക്രമത്തില്‍ തകര്‍ന്നു. സായുധരായ മുസ്ലീം ഫുലാനികളാണ് ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
CHRISTMAS MASSACRE IN NIGERIA:
— End Wokeness (@EndWokeness) December 26, 2023
The death toll is 140 and climbing after a series of coordinated attacks by Jihadist forces in Plateau.
They attacked 20 Christian communities in Central Nigeria, raiding and burning homes while civilians were asleep. 300 are injured and 221 homes… pic.twitter.com/IVWvSe3a2K
ആക്രമണത്തിനിരയായ പ്രധാന ക്രിസ്ത്യൻ ഗ്രാമങ്ങളിൽ എൻടിവി, മയംഗ, റുകു, ഹുറം, ദാർവത്, ഡാരെസ്, ചിരാങ്, റൂവി, യെൽവ, ന്ദുൻ, ങ്യോങ്, മർഫെറ്റ്, മകുന്ദരി, തമിസോ, ചിയാങ്, താഹോർ, ഗവാർബ, ഡെയേഴ്സ്, മെയേംഗ, ദർവാത്ത് എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നു. 20 ഗ്രാമങ്ങളിൽ ആസൂത്രിതമായി നടന്ന ആക്രമണങ്ങളിൽ 113 പേർ കൊല്ലപ്പെട്ടതായി ബോക്കോസിലെ പ്രാദേശിക സർക്കാർ തലവൻ കസ്സ, എഎഫ്‌പിയോട് പറഞ്ഞു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നൈജീരിയയിൽ 62,000 ക്രൈസ്തവരാണ് ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. ദശലക്ഷ കണക്കിന് ആളുകൾ ഇക്കാലയളവില്‍ പലായനം ചെയ്തു.