India - 2024
സംസ്ഥാന ബൈബിൾ കലോത്സവത്തിന് ആരംഭം
പ്രവാചകശബ്ദം 30-12-2023 - Saturday
കൊച്ചി: സംസ്ഥാന ബൈബിൾ കലോത്സവത്തിന് തേവര എസ്‌എച്ച് കോളജിൽ തുടക്കമായി. കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്‌തു. പിഒസി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളിയിൽ, മൂവാറ്റുപുഴ രൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോമോൻ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എട്ടു വേദികളിൽ 14ഓളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 121 പോയിന്റുകൾ നേടി ആതിഥേയ രൂപതയായ എറണാകുളം-അങ്കമാലി അതി രൂപതയാണ് ആദ്യദിനം മുന്നിട്ടുനിൽക്കുന്നത്. മൂന്നു പോയിന്റുകളുടെ വ്യത്യാസത്തിൽ കൊല്ലം രൂപത തൊട്ടുപിന്നിലുണ്ട്. പാലക്കാട്, കോഴിക്കോട്, വിജയപുരം രൂപതകൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ അടുത്ത സ്ഥാനങ്ങളിലുണ്ട്. ഇന്നു രാവിലെ 8.30 ഓടെ മത്സരങ്ങൾ ആരംഭിക്കും. എട്ടു വേദികളിൽ പത്ത് ഇനങ്ങളിൽ മത്സരം നടക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം സീറോ മലബാർ സഭാ അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളും ചടങ്ങിൽ സംബന്ധിക്കും.