India - 2024
ആദ്യ പുൽക്കൂടിന്റെ പിന്നിലെ ചരിത്രം വിവരിച്ച് നീണ്ടകര ദേവാലയത്തിലെ പുൽക്കൂട്
06-01-2024 - Saturday
കൊല്ലം: ചരിത്രത്തിൽ ആദ്യമായി കാലിത്തൊഴുത്തിന്റെ സ്മരണ ഉയർത്തി പുൽക്കൂട് നിർമ്മിച്ച വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ആദ്യ പുൽകൂടിന്റെ എണ്ണൂറാം വാർഷികത്തിന്റെ സ്മരണ ഉണർത്തി വിവരണങ്ങൾ നിറഞ്ഞ പുൽക്കൂടുമായി നീണ്ടകര ദേവാലയം. കൊല്ലം രൂപതയിലെ തീരദേശത്തെ മത്സ്യ തൊഴിലാളി ഇടവകയായ നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ ഒരുക്കിയ പുൽക്കൂടിൽ, രൂപങ്ങൾക്ക് അധികമായ പ്രാമുഖ്യം നൽകാതെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ പുൽക്കൂട് നിർമ്മാണത്തിന്റെ ആ ചൈതന്യം ഉൾക്കൊണ്ടുള്ള വിവരണങ്ങളുമായിട്ടായിരുന്നു നിർമ്മാണം.
ആദ്യ പുൽക്കൂട് നിർമ്മാണത്തിന്റെ ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്നും ദൈവത്തിൽ നിന്നുള്ള ദർശനവും പ്രേരണയും എപ്രകാരമാണ് ഈ പുൽക്കൂട് നിർമ്മാണത്തിന് വിശുദ്ധ ഫ്രാൻസിസ് അസീസിയെ സഹായിച്ചതെന്നും ദിവ്യമായ ആ രാത്രിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിക്ക് ഉണ്ടായ അനുഭൂതി കണ്ടു നിന്നിരുന്നവർ എപ്രകാരമാണ് സാക്ഷ്യപ്പെടുത്തിയതെന്നും നീണ്ടകര ദേവാലയത്തിലെ പുൽക്കൂടിൽ അവതരിപ്പിക്കുന്നുണ്ട്. നീണ്ടകര പള്ളിയിലെ നസ്രത്ത് ഒൻപതാം വാർഡ് കൂട്ടായ്മയാണ് പള്ളിയുടെ ഗ്രൗണ്ടിൽ വ്യത്യസ്തമായ അവതരണവുമായി പുൽക്കൂട് ഒരുക്കിയത്.
പൊതുവേ പുൽക്കൂട് നിർമ്മിച്ച രൂപങ്ങൾ ലൈറ്റിട്ട് അലങ്കരിച്ച് ചടങ്ങ് തീർക്കുന്ന ഒരു കർമ്മത്തിൽ അവസാനിപ്പിക്കാതെ പുൽക്കൂട് എന്നത് ദൈവീക ചിന്തയിൽ വിരിഞ്ഞതാണെന്ന വലിയ സന്ദേശം പകരാനാണ് ആഗ്രഹിച്ചതെന്ന് നിർമ്മാണത്തിന് നേതൃത്വം നല്കിയ കോർഡിനേറ്റർ ജോസഫ് ആൻസിൽ പറഞ്ഞു. ദൈവപിതാവ് തൻറെ പുത്രൻ ഈ ഭൂമിയിൽ അവതരിച്ചതിന്റെ ആ കാഴ്ച എന്തായിരുന്നു അന്ന് അവിടെ സംഭവിച്ചതെന്നും എന്തെല്ലാം ആയിരുന്നുവെന്നും അത് രണ്ടാം ക്രിസ്തുവായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയിലൂടെ ഈ ലോകത്ത് വീണ്ടും കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യ പുൽക്കൂട് നിർമ്മാണം. ഇത് ജനങ്ങൾക്ക് ബോധ്യമാക്കുന്ന രീതിയിൽ വിവരണങ്ങൾ ബോർഡുകളായി തൂക്കിയായിരുന്നു പുൽക്കൂട് നിർമ്മിച്ചതെന്നും കോർഡിനേറ്റർ കൂട്ടിച്ചേർത്തു.