News
ജ്ഞാനസ്നാന തീയതി അറിയില്ലെങ്കിൽ, അത് കണ്ടെത്തണം, അന്നേ ദിവസം ജന്മദിനം പോലെ ആഘോഷിക്കണം: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 08-01-2024 - Monday
വത്തിക്കാന്‍ സിറ്റി: മാമോദീസയുടെ തീയതി അറിയില്ലെങ്കിൽ, അത് അന്വേഷിച്ച് കണ്ടതെണ്ടതുണ്ടെന്നും അങ്ങനെ ദൈവമക്കളായതിന്റെയും സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായതിന്റെയും വാർഷികം ആഘോഷിക്കാൻ കഴിയണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ജനുവരി 7 ഞായറാഴ്ച ദനഹ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്ന് സംസാരിക്കവേയാണ്, പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
സ്നാനസമയത്ത്, ദൈവമാണ് നമ്മിലേക്ക് കടന്നുവരുന്നത്. നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും, നമ്മെ അവിടുത്തെ മക്കളും പറുദീസയുടെ അവകാശികളുമാക്കുകയും ചെയ്യുന്നു. ഒരാളുടെ ജ്ഞാനസ്നാനത്തിന്റെ വാർഷികം എല്ലാ വർഷവും ജന്മദിനം പോലെ ആഘോഷിക്കണം.ജ്ഞാനസ്നാനത്തിലൂടെ എന്റെ ഉള്ളിൽ ഞാൻ വഹിക്കുന്ന മഹത്തായ സമ്മാനത്തെക്കുറിച്ച് ഞാൻ അറിയുന്നുണ്ടോ? എന്നു നമ്മുക്ക് സ്വയം ചോദിക്കാമെന്നും പാപ്പ പറഞ്ഞു.
ഇന്നലെ തന്നെ, സിസ്‌റ്റൈൻ ചാപ്പലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ 16 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയിരിന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം ജ്ഞാനസ്‌നാനമാണെന്ന് ഈ അവസരത്തില്‍ പാപ്പ പറഞ്ഞു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറേറ്റ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയും പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയും വിശുദ്ധ കുർബാനയിൽ കാര്‍മ്മികരായി.
ജോർദാൻ നദിയിൽ സ്നാപക യോഹന്നാന്റെ കരങ്ങളില്‍ നിന്നു യേശു ജ്ഞാനസ്നാനം സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്നലെ തിരുനാള്‍ ദിനത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. 1981-ല്‍ കർത്താവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ്, മാര്‍പാപ്പ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുന്ന പാരമ്പര്യത്തിന് തുടക്കം കുറിച്ചത്. അപ്പോസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലാണ് ചടങ്ങ് ആദ്യം നടന്നതെങ്കിലും 1983-ൽ ചടങ്ങ് സിസ്റ്റൈൻ ചാപ്പലിലേക്ക് മാറ്റി. പാപ്പയുടെ കരങ്ങളില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള അവകാശം ആദ്യം സ്വിസ് ഗാര്‍ഡായവരുടെ കുഞ്ഞുങ്ങൾക്കായി നീക്കിവച്ചിരുന്നുവെങ്കിലും പിന്നീട് വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ ഉൾപ്പെടുത്തി ഇത് വിപുലീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.