India - 2024
സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 12-01-2024 - Friday
കാക്കനാട്: സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടു സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാൻ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സിനഡുപിതാക്കന്മാരെ ആഹ്വാനംചെയ്തു. മേജർ ആർച്ചുബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനുശേഷം വിളിച്ചുചേർത്ത മുപ്പത്തിരണ്ടാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്.
സിനഡാലിറ്റിയുടെ ചൈതന്യം സഭാജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാംശീകരിക്കേണ്ടതുണ്ട്. അതിനായി പരസ്പരം കേൾക്കാനും അതുവഴി മറ്റുള്ളവരെ മനസിലാക്കാനും സാധിക്കണം. പരസ്പരം മനസിലാക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മാത്രമേ സിനഡാലിറ്റി വിഭാവനം ചെയ്യുന്ന ഒരുമിച്ചുനടക്കൽ അർഥപൂർണ്ണമാവുകയുള്ളുവെന്നും മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി ജനുവരി 8-ാം തീയതി ആരംഭിച്ച മുപ്പത്തിരണ്ടാം സിനഡിന്റെ ഒന്നാം സമ്മേളനം തെരഞ്ഞെടുപ്പുനടപടികൾ പൂർത്തിയായതോടെ ജനുവരി 10-ാം തീയതി സമാപിച്ചിരുന്നു. ഇതിനെത്തുടർന്നാണു തെരഞ്ഞെടുപ്പു പ്രഖ്യാപനവും പുതിയ മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനാരോഹണവും സഭയുടെ കേന്ദ്ര കാര്യാലയത്തിൽ ജനുവരി 11-ാം തീയതി നടത്തിയത്. ജനുവരി 12-ാം തീയതി വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സിനഡു സമ്മേളനം 13-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കു സമാപിക്കും. സഭാസിനഡിന്റെ അടുത്ത സമ്മേളനം 2024 ആഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്.