News - 2024

ക്രിസ്തുമസ് ആക്രമണങ്ങളെ അതിജീവിച്ച ക്രൈസ്തവര്‍ക്ക് സഹായവുമായി നൈജീരിയൻ രൂപത

പ്രവാചകശബ്ദം 17-01-2024 - Wednesday

അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത്, ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ കൂട്ടക്കൊലയെ അതിജീവിച്ച നൂറുകണക്കിന് ആളുകൾക്ക് നൈജീരിയയിലെ യോല രൂപതയിലെ ജസ്റ്റിസ് ഡെവലപ്‌മെന്റ് ആൻഡ് പീസ് കമ്മീഷൻ (ജെഡിപിസി) സഹായം കൈമാറി. പയർ, അരി, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മറ്റ് ദുരിതാശ്വാസനിധികളും കൈമാറികൊണ്ടുള്ള സന്നദ്ധ സഹായം, ആക്രമണങ്ങളെ അതിജീവിച്ചവർക്ക് പ്രത്യാശ നൽകുന്നതിന് സഹായിക്കുമെന്നും ഇരകൾക്കുണ്ടായ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ലെന്നും സെപ്റ്റംബർ പത്തിന് സംഘടിപ്പിച്ച പരിപാടിയിൽ ജെഡിപിസി കോഓർഡിനേറ്റർ ഫാ. മൗറീസ് ക്വയിരംഗ പറഞ്ഞു.

അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ, ഇരകളോട് സഹതപിക്കാനും തങ്ങൾക്ക് സാധിക്കുന്ന രീതിയിൽ പിന്തുണയ്ക്കാൻ കൂടെയുണ്ടാകുമെന്നും നൈജീരിയൻ കത്തോലിക്ക വൈദികന്‍ ഫാ. മൗറീസ് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട 150 കുടുംബങ്ങൾക്ക് സംഭാവനയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും പങ്ക്ഷിൻ രൂപതയുടെ ജെഡിപിസി കോഓർഡിനേറ്റർ ഫാ.ബേസിൽ കസാം വിശദീകരിച്ചു.ക്രൈസ്തവരുടെ കൃഷിയിടങ്ങളും മറ്റു സ്ഥാവരജംഗമവസ്തുക്കളും നശിപ്പിക്കുന്നതിനെ അപലപിച്ച കസാം, അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് മാറെൻ ദൻജുമ സംസാരിച്ചു. ദാതാക്കളുടെ മഹാമനസ്സകതയ്ക്ക് നന്ദി അര്‍പ്പിച്ച അദ്ദേഹം സർക്കാരിനോടും സുരക്ഷാ ഏജൻസികളോടു ഇരകളെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാൻ പരിശ്രമങ്ങൾ തുടരണമെന്നും അഭ്യർത്ഥിച്ചു.

ക്രിസ്തുമസിനോട് അനുബന്ധിച്ചു ഡിസംബര്‍ 23-25 തീയതികളില്‍ നടന്ന ആക്രമണങ്ങളില്‍ ഇരുനൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വിശ്വാസികൾ കഴിഞ്ഞ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തിയിരിന്നു. ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്.


Related Articles »