News
ബോക്സ് ഓഫീസിൽ മികച്ച വാരാന്ത്യ കളക്ഷനുമായി ബൈബിള്‍ പരമ്പര ചോസണിന്റെ നാലാം ഭാഗം
പ്രവാചകശബ്ദം 08-02-2024 - Thursday
വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചോസണ്‍ കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ പിച്ചേഴ്സിന്റെ ആർഗില്ലേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 2300 തിയേറ്ററുകളിൽ നിന്ന് 6,035, 823 ഡോളർ ആണ് പരമ്പര നേടിയതെന്നാണ് കണക്കുകൾ. 11 കോടിക്ക് അടുത്ത് പ്രേക്ഷകരാണ് ലോകമെമ്പാടും പരമ്പരയ്ക്ക് ഉള്ളത്.
ഫെബ്രുവരി ഒന്നാം തീയതിയാണ് ദ ചോസൺ തിയേറ്ററുകളിൽ എത്തിയത്. എപ്പിസോഡ് 4 മുതൽ 6 വരെ ഫെബ്രുവരി മാസം പതിനഞ്ചാം തീയതി റിലീസ് ചെയ്യും. 7 -8 വരെയുള്ള എപ്പിസോഡുകൾ ഫെബ്രുവരി 29നു റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന പരമ്പര, ലയൺസ് ഗേറ്റ് ആണ് വിതരണം ചെയ്യുന്നത്. ജോനാഥൻ റൂമി, ഷഹാർ ഐസക്ക്, പരാസ് പട്ടേൽ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
മുന്‍പത്തെ എപ്പിസോഡുകളിൽ യേശുവിൻറെ പരസ്യ ജീവിതകാലത്തെ പ്രബോധനങ്ങളും, ഉപമകളും ഇതിവൃത്തമായപ്പോള്‍, കുരിശു മരണത്തിനു മുന്നോടിയായി യേശു കടന്നുപോകുന്ന വേദനകകളാണ് ഇത്തവണ സീരീസില്‍ പ്രമേയമാകുന്നത്. മുൻ എപ്പിസോഡുകളെ അപേക്ഷിച്ച് ഇത്തവണത്തെ എപ്പിസോഡ് കഠിനവും പ്രതിബന്ധങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് യേശുവിൻറെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥൻ റൂമി വെളിപ്പെടുത്തി. അത് തനിക്ക് മാത്രമല്ല, മറിച്ച് പരമ്പരയുടെ മുന്നണി പ്രവർത്തകർക്കും, പിന്നണി പ്രവർത്തകർക്കും അത്തരം ഒരു അനുഭവമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നതായി. തങ്ങളുടെ സൃഷ്ടി മനോഹരമായിരിക്കുമെന്ന് പ്രതീക്ഷ റൂമി പ്രകടിപ്പിച്ചു.
തന്റെ ജീവിതത്തിലെ വലിയൊരു കരിയർ പരാജയത്തിനു ശേഷമാണ് ഒന്നാം സീസൺ സംവിധാനം ചെയ്തതെന്നും, എന്നാൽ അത് താൻ ഗൗനിച്ചില്ല. മറിച്ച് ദൈവത്തിന് മഹത്വം നൽകുന്ന, കാണാൻ വിനോദം തോന്നുന്ന ഒന്ന് സംവിധാനം ചെയ്യുക എന്നതായിരുന്നു തൻറെ ലക്ഷ്യം എന്നും ഡാളാസ് ജങ്കിൻസ് പറഞ്ഞു. പരമ്പര സംവിധാനം ചെയ്തു തുടങ്ങിയതിനു ശേഷം സുവിശേഷം ആഴത്തിൽ പഠിക്കാൻ ആരംഭിച്ചുവെന്നും, മനുഷ്യനോട് എത്രമാത്രം അടുപ്പമുള്ള ഒരു ദൈവമാണ് യേശു എന്ന് ഇപ്പോൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു.
