India - 2024

കർഷക രക്ഷയ്ക്കായുള്ള പ്രത്യക്ഷ സമരം തുടരും: മാർ ജോൺ നെല്ലിക്കുന്നേൽ

പ്രവാചകശബ്ദം 13-03-2024 - Wednesday

രാജകുമാരി ( ഇടുക്കി): കർഷക രക്ഷയ്ക്കായുള്ള പ്രത്യക്ഷ സമരം തുടരുമെന്ന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത എന്നും കർഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ സംഘടിപ്പിച്ച ബഹുജന റാലിയെ തുടർന്നുള്ള പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ നെല്ലിക്കുന്നേൽ. ഇച്ഛാശക്തിയോടെ നിന്നില്ലെങ്കിൽ മൃഗങ്ങളാൽ നമ്മളില്ലാതാകുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നതെന്നും ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ട ജനങ്ങൾക്കെതിരേ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.

ജനങ്ങളുടെ സ്വ‌പ്നങ്ങൾ നശിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭയംകൊണ്ട് ഒരു തൊഴിലാളിക്കും സ്വന്തം പറമ്പിൽ പോലും ഇറങ്ങാൻ കഴി യുന്നില്ല. വന്യമൃഗ ശല്യം മൂലം സ്വയം ജീവിതത്തിന് കാവൽക്കാരായി മാറേണ്ട അത്യന്തം ദാരുണാവസ്ഥയിലാണ് ജനങ്ങൾ. ഇന്ന് ഞാൻ നാളെ നീ എന്ന വാക്യം പോലെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്നു കഴിയുകയാണ്. അശാസ്ത്രീയമായ നിയമങ്ങൾ മൂലം അധ്വാനിച്ചു ജീവിക്കുന്ന കർഷകരെ വരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണ്. ഇങ്ങനെ കർഷകരെ കുടിയിറക്കാനുള്ള ഗൂഢതന്ത്രത്തിൻ്റെ ഭാഗമായാണ് കപട പരിസ്ഥിതി വാദങ്ങൾ ഉണ്ടാക്കുന്നത്. കൊലയാളി ആനകളെ വരെ ഹീറോ ആക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. 1972ലെ വന്യ ജീവി നിയമം പരിഷ്‌കരിക്കണം.

ദീപിക രണ്ട് ദിവസങ്ങളിലായി വന്യമൃഗങ്ങൾ മൂലം മരണപ്പെട്ടവരുടെ ചിത്രങ്ങളും പരിക്കുപറ്റി ജീവിക്കുന്ന രക്തസാക്ഷികളായി മാറിയവരുടെ ദൈന്യതയും വെളിച്ചത്തു കൊണ്ടുവന്നത് ഏറ്റവും വലിയ കാര്യമാണ്. ജില്ലാ ആസ്ഥാനത്തു ചേർന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ ജനപക്ഷ ത്തു നിന്ന് അടിയന്തരമായി നടപ്പിലാക്കുകയും ജനങ്ങൾക്ക് ആശ്വാസം നൽ കുകയും വേണം. വന്യമൃഗങ്ങളെ കാട്ടിൽ നിലനിർത്താൻ രാഷ്ട്രീയമായ നട പടികൾ സ്വീകരിക്കണമെന്നും വനത്തിൻ്റെ പരിധിയിൽ ഒതുങ്ങാത്ത വിധം വർദ്ധിച്ചിരിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 576