Videos

ജീവിതത്തിലെ അന്ധകാരം അകറ്റുവാൻ നാം എന്തു ചെയ്യണം? | നോമ്പുകാല ചിന്തകൾ | മുപ്പത്തിയൊന്നാം ദിവസം

പ്രവാചകശബ്ദം 13-03-2024 - Wednesday

"ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു" (മത്തായി 27:45).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയൊന്നാം ദിവസം ‍

ഈശോയെ കുരിശിൽ തറച്ചപ്പോൾ ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർ വരെ ഭൂമിമുഴുവൻ അന്ധകാരം വ്യാപിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇപ്രകാരം അന്ധകാരം നിറയുന്നതിന് മുൻപുള്ള മണിക്കൂറുകളിൽ നടന്ന കാര്യങ്ങൾ സുവിശേഷത്തിൽ നാം കാണുന്നുണ്ട് (ലൂക്കാ 23:33-39). സൃഷ്ടാവായ ദൈവത്തെ മനുഷ്യൻ കുരിശിൽ തറക്കുകയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതു ആറാം മണിക്കൂർ വരെ തുടർന്നു എന്ന് സുവിശേഷം പറയുന്നു. സൂര്യൻ അതിന്റെ പൂർണ്ണമായ പ്രകാശത്തിൽ നിന്നപ്പോൾ, ആ സൂര്യനെപ്പോലും പ്രകാശിപ്പിക്കുന്ന, ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ മനുഷ്യൻ നിന്ദിക്കുകയും കുരിശിൽ തറക്കുകയും ചെയ്‌തു. അപ്പോൾ സൂര്യൻ ഇരുണ്ടു പിന്നീട് മൂന്നുമണിക്കൂർ നേരം ഭൂമിമുഴുവൻ അന്ധകാരം നിറഞ്ഞു.

ഈശോയെ കുരിശിൽ തറച്ചത് മൂന്നാം മണിക്കൂറിൽ അതായത് രാവിലെ 9 മണിക്ക് ആയിരുന്നുവെന്ന് സുവിശേഷത്തിൽ നാം കാണുന്നു. പിന്നീട് മൂന്നുമണിക്കൂർ നേരം അതായത് ഉച്ചക്ക് 12 മണി വരെ മനുഷ്യൻ അവിടുത്തെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. തുടർന്നുള്ള മൂന്നുമണിക്കൂർ, അതായത് ഉച്ചക്ക് 12 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഭൂമിയിൽ അന്ധകാരം വ്യാപിക്കുന്നതിൽ നിന്നും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ അവിടുത്തെ നിന്ദിച്ചതിനു തുല്യമായ സമയത്തേക്ക് സൂര്യൻ ഇരുണ്ടുപോകുന്നു.

വിശുദ്ധ ഗ്രന്ഥത്തിന്റെ പാരമ്പര്യത്തിൽ ഇരുട്ട് പിശാചിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും സൂചിപ്പിക്കുന്നതാണെന്നും, അപ്പോഴും ഇരുട്ടിനെ കീഴടക്കാൻ കഴിയുന്ന ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും നിഗൂഢമാം വിധം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ടന്നും ഈ സുവിശേഷ ഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നമ്മെ പഠിപ്പിക്കുന്നു.

ഈ വചനഭാഗം വലിയൊരു സത്യം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ദൈവം ദാനമായി നൽകിയ നമ്മുടെ ജീവിതം വെളിച്ചമുള്ളതും മനോഹരവുമായി പോകുമ്പോൾ നാം നമ്മുടെ പാപങ്ങൾ മൂലം യേശുവിനെ വീണ്ടും കുരിശിൽ തറക്കുകയും, ദൈവത്തെ നിന്ദിച്ചും തള്ളിപ്പറഞ്ഞും ഈ ലോകമോഹങ്ങളുടെ പിന്നാലെ പോകുകയും ചെയ്യുമ്പോൾ ഓർമ്മിക്കുക- നമ്മെ കാത്തിരിക്കുന്നത് പിശാചിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളും നിറഞ്ഞ ഇരുണ്ട ദിനങ്ങളായിരിക്കും. അത് ദൈവം നൽകുന്ന ശിക്ഷയല്ല. പിന്നെയോ നാം തന്നെ പ്രകാശത്തിൽ നിന്നും അവിടുന്നു നൽകുന്ന സംരക്ഷണത്തിൽ നിന്നും സ്വയം അകലുകയാണ് ചെയ്യുന്നത്.

ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം നമ്മുടെ ജീവിതം ഇരുട്ടു നിറഞ്ഞതാണോ? ഒരിക്കലൂം കരകയറുവാൻ സാധിക്കില്ല എന്ന് കരുതുന്ന ഇരുട്ട് നമ്മുടെ ജീവിതത്തെ മുഴുവൻ വ്യാപിക്കുകയാണോ? എങ്കിൽ ഓർമ്മിക്കുക: ഇരുട്ടിലും നിഗൂഢമായി പ്രവൃത്തിക്കുന്ന നമ്മുടെ ദൈവത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയാതെ പോകരുത്. ആ ദൈവത്തെ, രക്ഷകനായ യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം.

ദൈവത്തെ ഉപേക്ഷിച്ചു ഈ ലോകമോഹങ്ങളുടെ പിന്നാലെ പോയ നിമിഷങ്ങളോർത്ത് നമ്മുക്ക് പശ്ചാത്തപിക്കാം. നമ്മുടെ ജീവിതത്തിൽ യേശുവിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ജീവിക്കുവാൻ നമ്മുക്ക് തീരുമാനമെടുക്കാം. അപ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നും ഇരുട്ട് മാറിപ്പോകുന്ന അത്ഭുതം നമ്മുക്ക് കാണുവാൻ സാധിക്കും. ഇരുട്ടിനെ കീഴടക്കുവാൻ പ്രകാശത്തിനു മാത്രമേ കഴിയൂ. യേശു പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്; എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല" (യോഹ 8:12).


Related Articles »