News - 2024

പൊന്തിഫിക്കൽ സയന്‍സ് അക്കാദമിയിലേക്ക് പാപ്പ നിയമിച്ചവരില്‍ ഗൂഗിൾ എ‌ഐ തലവനും

പ്രവാചകശബ്ദം 12-03-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരില്‍ പ്രമുഖരും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡെമിസ് ഹസാബിസ് ഉള്‍പ്പെടെയുള്ളവരെയാണ് പാപ്പ പുതുതായി നിയമിച്ചിരിക്കുന്നത്.

1976 ജൂലൈ 27 ന് ഗ്രേറ്റ് ബ്രിട്ടനിലെ ലണ്ടനിലാണ് പ്രൊഫസർ ഡെമിസ് ഹസാബിസിൻ്റെ ജനനം. കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വീൻസ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോഗ്നിറ്റീവ് ന്യൂറോ സയൻസസിൽ ഡോക്ടറേറ്റ് നേടി. ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധിയായ DeepMind-ൻ്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അദ്ദേഹം ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് പാപ്പയുടെ നിയമനം. പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൻ്റെ പയസ് പതിനൊന്നാം പാപ്പയുടെ പേരിലുള്ള മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ഫിസിക്സ് ആൻഡ് അസ്ട്രോണമി ഡിപ്പാർട്ട്മെൻ്റിലെ ആസ്ട്രോഫിസിക്സ് പ്രൊഫസർ ആൻഡ്രിയ മിയ ഗെസ്, സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസർ ഒർജൻ മൈക്കൽ ഗുസ്താഫ്സൺ, കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസർ ദിദിയർ പാട്രിക് ക്വലോസ്, മോണ്ടെവീഡിയോയിലെ ലാ റിപ്പബ്ലിക്ക യൂണിവേഴ്സിറ്റിയുടെ ബയോകെമിസ്ട്രി വിഭാഗം മേധാവി റാഫേൽ റാഡി ഐസോള ഉള്‍പ്പെടെയുള്ളവരാണ് പാപ്പ പുതുതായി നിയമിച്ച മറ്റ് അംഗങ്ങള്‍. 1936-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത്.

More Archives >>

Page 1 of 944