News

വത്തിക്കാനിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം; പങ്കെടുത്തത് 60,000 വിശ്വാസികള്‍

പ്രവാചകശബ്ദം 25-03-2024 - Monday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും നിന്നുമെത്തിയ അറുപതിനായിരത്തിലധികം സാന്നിധ്യത്തില്‍ വത്തിക്കാനില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം. 60,000 വിശ്വാസികളാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച മാർപാപ്പ ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്നു വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകിയിരിന്നില്ല. കലശലായ മുട്ടുവേദനയും ശ്വാസതടസവും അനുഭവിക്കുന്ന മാർപാപ്പ വിശുദ്ധ കുർബാനയ്ക്കു മുമ്പ് കർദ്ദിനാൾമാർക്കൊപ്പമുള്ള ഓശാന പ്രദക്ഷിണത്തിലും പങ്കെടുത്തില്ല. നിരവധി കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കായി.

വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ത്രികാല ജപത്തോട് ഒപ്പമുള്ള സന്ദേശത്തില്‍ റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. മോസ്‌കോയിൽ നടന്ന നികൃഷ്ടമായ ഭീകരാക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയാണെന്നും കർത്താവ് അവരെ തൻ്റെ സമാധാനത്തിൽ സ്വാഗതം ചെയ്യുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പാപ്പ പറഞ്ഞു.

തന്റെ സന്ദേശത്തില്‍ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രൈനിലെ എല്ലാവർക്കും വേണ്ടി പാപ്പ പ്രാർത്ഥിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ തീവ്രമായ ആക്രമണങ്ങൾ കാരണം നിരവധി ആളുകൾ പ്രതിസന്ധിയില്ലാണെന്നും മരണത്തിനും ദുരിതങ്ങള്‍ക്കും കാരണമാകുന്നുവെന്നും ഇത് വലിയ മാനുഷിക ദുരന്തത്തിൻ്റെ അപകടസാധ്യത ഉയർത്തുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ദയവായി, രക്തസാക്ഷിയായ യുക്രൈനെ മറക്കരുത്, മറ്റ് യുദ്ധ സ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെ കുറിച്ച് നമ്മുക്ക് ഓര്‍ക്കാമെന്നും പാപ്പ പറഞ്ഞു.


Related Articles »