News
ഈസ്റ്ററിന്റെ തിരുക്കർമ്മം ആദ്യം നടന്നത് ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിൽ
പ്രവാചകശബ്ദം 02-04-2024 - Tuesday
ജെറുസലേം: ഈസ്റ്ററിന്റെ ആഗമനം വിളിച്ചോതുന്ന തിരുക്കർമ്മം എല്ലാ വർഷത്തെയും പോലെ ആദ്യം ആഘോഷിക്കപ്പെട്ടത് ഇത്തവണയും ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍. 1852ൽ ഓട്ടോമൻ സുൽത്താൻ ആയിരുന്ന അബ്ദുൽ മജീദ് ഇറക്കിയ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് പിൻപറ്റുന്നതിന്റെ ഭാഗമായിട്ടാണ് ശനിയാഴ്ച പുലർച്ച തിരുകർമ്മങ്ങൾ നടന്നത്.
ജെറുസലേമിന്റെയും, ആഗോള സഭയുടെയും ആരാധന തിരുക്കല്ലറ ദേവാലയത്തെ ചുറ്റിപ്പറ്റി ഉള്ളതാണെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ തൻറെ വചന സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ ജീവിതത്തിന് മുഴുവൻ പ്രകാശം നൽകുന്ന പ്രകാശം ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ പ്രകാശത്തിന്റെ ആഗമനത്തെപ്പറ്റി അറിയിപ്പ് നൽകുന്നതും, ഈ പ്രകാശത്തെ ലോകത്തിലേക്ക് കൊണ്ടുവരേണ്ടതും ജെറുസലേമിലെ സഭ ആയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാധാരണ എല്ലാ വർഷങ്ങളിലും പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ക്രൈസ്തവ വിശ്വാസികളുടെ വലിയൊരു അഭാവം ഇത്തവണ തിരുക്കല്ലറ ദേവാലയത്തിൽ ദൃശ്യമായിരുന്നു. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ- ഗാസ യുദ്ധത്തെപ്പറ്റിയും കർദ്ദിനാൾ പിയര്‍ബാറ്റിസ്റ്റ പിസബല്ല തൻറെ സന്ദേശത്തിൽ പരാമർശിച്ചു. ഈസ്റ്റർ ആശംസകൾ നേർന്നാണ് അദ്ദേഹം തിരുകർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചത്.