News

ക്രിസ്തീയ സംസ്കാരം തകരുന്നതിൽ ആശങ്കയെന്ന് പ്രമുഖ നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസ്

പ്രവാചകശബ്ദം 04-04-2024 - Thursday

ലണ്ടന്‍: പാശ്ചാത്യ ലോകത്തെ ക്രൈസ്തവ സംസ്കാരം തകരുന്നതിൽ പ്രമുഖ നിരീശ്വരവാദിയും, ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് ആശങ്ക രേഖപ്പെടുത്തി. 'എൽബിസി' എന്ന മാധ്യമത്തിന് മാർച്ച് 31നു നൽകിയ അഭിമുഖത്തില്‍ താൻ സാംസ്കാരികപരമായി ഒരു ക്രൈസ്തവനായിട്ടാണ് തന്നെ തന്നെ കരുതുന്നതെന്ന് ഡോക്കിൻസ് പറഞ്ഞു. ക്രൈസ്തവ പ്രബോധനങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലായെങ്കിലും ഇസ്ലാമും, ക്രിസ്തീയ വിശ്വാസവും തമ്മിലുള്ള ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാൽ ക്രിസ്തു വിശ്വാസം ആയിരിക്കും തെരഞ്ഞെടുക്കുന്നതെന്നും ഗോഡ് ഡെല്യൂഷൻ എന്ന പുസ്തകത്തിൻറെ രചയിതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.

ലണ്ടനിലെ പ്രശസ്തമായ ഓക്സ്ഫോർഡ് തെരുവിൽ ഈസ്റ്റർ അലങ്കാരങ്ങൾ നടത്താതെ റമദാൻ അലങ്കാരങ്ങൾ നടത്തിയെന്ന് കേട്ടത് തന്നെ ചെറുതായി ഭയപ്പെടുത്തി. രാജ്യത്തെ കത്തീഡ്രലുകളും, മനോഹരമായ ഇടവക ദേവാലയങ്ങളും നഷ്ടമാകുന്നതിൽ താനൊട്ടും സന്തോഷവാനായിരിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിശ്വാസത്തിന് പകരമായി ഒരു മതത്തിന് ഇടം നൽകാൻ ശ്രമിക്കുന്നത് ഭയാനകമായ കാര്യമായിരിക്കുമെന്നും ഡോക്കിൻസ് പറഞ്ഞു.

ബ്രിട്ടനിൽ ആറായിരത്തോളം മോസ്ക്കുകൾ നിർമ്മാണത്തിലിരിക്കുന്നു എന്നും കൂടുതൽ മോസ്കുകൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാകുന്നുവെന്നും, ഇതൊരു പ്രശ്നമായി കരുതുന്നുണ്ടോ എന്നും ചോദിച്ചപ്പോൾ അത് ശരിക്കും താനൊരു പ്രശ്നമായി കരുതുന്നുവെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ക്രിസ്തീയ വിശ്വാസം അടിസ്ഥാനപരമായി ഒരു മാന്യമായ മതമായി താൻ കരുതുന്നുവെന്നും എന്നാൽ ഇസ്ലാമിൻറെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡോക്കിൻസ് കൂട്ടിച്ചേർത്തു. ലോകമെമ്പാടും നിറയെ ആരാധകര്‍ ഉള്ള നിരീശ്വരവാദിയും എഴുത്തുകാരനുമാണ് റിച്ചാര്‍ഡ് ഡോക്കിൻസ്.

2018-ലും സമാനമായ പ്രതികരണം ഡോക്കിൻസ് നടത്തിയിരിന്നു. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ചായിരിന്നു അന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്. ക്രിസ്ത്യന്‍ രഹിത യൂറോപ്പ് അപകടത്തിലേക്ക് നയിക്കുമെന്ന സൂചനയാണ് അദ്ദേഹം അന്നും നല്‍കിയിരിന്നത്. കടുത്ത നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിലയിരുത്തല്‍ നിരീശ്വരവാദികള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്.


Related Articles »