News
അശ്ലീല ചിത്രങ്ങളിലെ നായികയായിരിന്ന ബ്രീ സോൾസ്റ്റാഡ് ഇനി ക്രിസ്തുവിന്റെ പാതയില്‍
പ്രവാചകശബ്ദം 14-04-2024 - Sunday
ന്യൂയോര്‍ക്ക്: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന കുപ്രസിദ്ധ പോണ്‍ താരം ബ്രീ സോൾസ്റ്റാഡ് ഈസ്റ്റർ തിരുകർമ്മങ്ങൾക്കിടയിൽ തന്റെ പഴയകാല ജീവിതം ദൂരെയെറിഞ്ഞ് കത്തോലിക്ക സഭയിൽ അംഗമായി. മദ്യപാനത്തിനും മറ്റ് ദുശീലങ്ങൾക്ക് അടിമയായിരുന്ന താൻ ഇതിനെപ്പറ്റി എഴുതിക്കൊണ്ട് ഒരു ബ്ലോഗ് ആരംഭിച്ചുവെന്നും ഇത് ലൈംഗിക തൊഴിലാളിയായ ഒരാളുടെ ശ്രദ്ധയിൽപെടുകയും അങ്ങനെ ആ വ്യക്തി സമീപിക്കുകയുമായിരുന്നുവെന്നും ആ വ്യക്തി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണം ഉണ്ടാക്കാൻ സഹായിക്കുന്ന ആളുകളുമായി പരിചയപ്പെടുത്തി തന്നുവെന്നും സോൾസ്റ്റാഡ് 'ചർച്ച് പോപ്പ്' എന്ന മാധ്യമത്തോട് പറഞ്ഞു.
"ക്രിസ്തുവിലേക്ക് മാനസാന്തരപ്പെട്ട പശ്ചാത്തപിക്കുന്ന പാപി; മുൻപ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന നായിക, നിർമാതാവ്" എന്നീ വിശേഷങ്ങളാണ് 'മിസ് ബി കൺവെർട്ടഡ് ഓൺ എക്സ്' എന്ന അവരുടെ 'എക്സ്' (ട്വിറ്റര്‍) പേജിൽ ബ്രീ തന്നെക്കുറിച്ച് സ്വയം വിശേഷണം നൽകിയിരിക്കുന്നത്. നേരത്തെ ജനുവരി ഒന്നാം തീയതി ദൈവ മാതാവിന്റെ തിരുനാൾ ദിവശത്തില്‍ ലൈംഗിക തൊഴിൽ ഉപേക്ഷിക്കുകയാണ് എന്ന പ്രഖ്യാപനം അവര്‍ നടത്തിയിരിന്നു. ഇറ്റലിയിലെ റോമിലേയ്ക്കും, അസീസ്സിയിലേക്കും നടത്തിയ യാത്രകളിൽ കണ്ട കലാസൃഷ്ടികളും, അവയുടെ ദൈവശാസ്ത്രവും ആണ് ജീവിതം മാറ്റിമറിക്കുന്ന മാനസാന്തരത്തിലേക്ക് ബ്രീയെ നയിച്ചത്.
"ഇത് എളിമയുടെ അനുഭവമാണ്, ഇതിനെ ആളുകൾ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തേക്കാം എന്ന് എനിക്കറിയാം. എന്റെ വരുമാനമെല്ലാം വേണ്ട എന്ന് വെച്ച് ഞാൻ എന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയാണ്"- അവർ എക്സില്‍ കുറിച്ചു. ദൈവത്തിൻറെ ക്ഷമയും, കാരുണ്യവും യഥാർത്ഥമാണ്. എന്നെപ്പോലുള്ള ഒരു തകർന്ന പാപിക്ക് രക്ഷയും മാനസാന്തരവും ലഭിക്കുന്നുണ്ടെങ്കിൽ ദൈവത്തിൻറെ ദിവ്യകാരുണ്യം മൂലം ഇത് വായിക്കുന്ന ഏതൊരു വ്യക്തിക്കും രക്ഷ പ്രാപിക്കാൻ സാധിക്കുമെന്നും ബ്രീ കൂട്ടിച്ചേർത്തു. കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനുമുമ്പ് ഏറെനാൾ "റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ ഓഫ് അഡൽറ്റസ്" എന്ന വിശ്വാസ പരിശീലന പരിപാടിയിലൂടെ ബ്രീ കടന്നുപോയിരുന്നു. ബ്രീ സോൾസ്റ്റാഡ് മുട്ടിന്‍മേല്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.