News

അശ്ലീല ലോകത്ത് നിന്ന് യേശുവിന്റെ പിന്നാലെ നടന്നവര്‍

റോബിൻ സക്കറിയാസ് 30-04-2024 - Tuesday

ആഗോള പോണോഗ്രാഫി ( അശ്ലീല സിനിമ ) വ്യവസായത്തിന്റ മൂല്യം ഏകദേശം 97 ബില്യൺ ഡോളറാണ്. അമേരിക്കയിൽ മാത്രം, ഈ വ്യവസായം 12-14 ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടാക്കുന്നു. ഏകദേശം 35% ഇന്റർനെറ്റ് ഡൗൺലോഡുകളും പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്. ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ബ്രീ സോൾസ്റ്റാഡ് എന്ന പോൺ സ്റ്റാര്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് ലോകം അത്ഭുതത്തോടെ കണ്ടത്.

ബ്രീയുടെ ജീവിത സാക്ഷ്യം വായിച്ചപ്പോഴാണ് സമാന രീതിയിൽ ലോകത്ത് അശ്ലീല സിനിമ മേഖലയിൽ അഭിനയിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് ജീവിച്ചുകൊണ്ടിരുന്ന കുറെയധികം വ്യക്തികൾ തങ്ങളുടെ പാപ ജീവിതം ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സംഭവങ്ങൾ ശ്രദ്ധയിൽപെട്ടത്. അവരിൽ ചിലരുടെ ജീവിത സാക്ഷ്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ശ്രമിക്കുന്നത്.

1. ബ്രീ സോൾസ്റ്റാഡ്

"നന്ദി, യേശുവേ ഇത്രയും നികൃഷ്ടയായ പാപിയെ കൈ വിടാതിരുന്നതിന്. പരിശുദ്ധ മറിയമേ, ദൈവമാതാവേ, അങ്ങയുടെ അളവറ്റ സ്നേഹത്തിനും സാന്ത്വനത്തിനും നന്ദി." - ബ്രീ സോൾസ്റ്റാഡ് ( മുൻ പോൺ സ്റ്റാർ )

ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ബ്രീ സോൾസ്റ്റാഡ് എന്ന പോൺ സ്റ്റാര്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്. ബ്രീ തന്റ കോളേജ് കാലം മുതൽ പോൺ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. വളരെ താമസിയാതെ തന്നെ അറിയപ്പെടുന്ന അശ്ലീല സിനിമ അഭിനേത്രിയും, അത്തരം സിനിമകളുടെ നിർമ്മാതാവുമായി അവൾ മാറി.

എട്ടാം വയസ്സിൽ ലൂഥറന്‍ സഭയിൽ നിന്നും മാമോദിസ സ്വീകരിച്ച ബ്രീ പക്ഷെ ഒരു നാമമാത്ര ക്രിസ്ത്യാനി ആയിരുന്നു. കോളേജിൽ എത്തിയപ്പോൾ മുതൽ സ്വന്തമായി വിഡിയോകൾ നിർമ്മിച്ച് തുടങ്ങിയ ബ്രീ വൈകാതെതന്നെ പോൺ ഫിലിം ഇൻഡസ്ട്രിയിൽ എത്തിച്ചേർന്നു. ധാരാളം പണം, പ്രശസ്തി, ആരാധകർ ഇവയെല്ലാം അവളെ ശരിക്കും അഹങ്കാരത്തിന്റെയും പാപത്തിന്റെയും മത്തു പിടിപ്പിച്ചു.

ഒരിക്കൽ ഇറ്റലിയിലെ ഒരു ദേവാലയം സന്ദർശിക്കവേ, ക്രൂശിത രൂപം അവളെ തന്റ അരികിലേക്ക് വിളിക്കുന്നതാണ് തോന്നി , അതെ പോലെതന്നെ നഗരത്തിന്റ വിവിധഭാഗങ്ങളിലുള്ള പരിശുദ്ധ അമ്മയുടെ രൂപം തന്നോട് സംസാരിക്കുന്നതായും തോന്നി. അവൾ വിശുദ്ധ ക്ലാരയോടും, വിശുദ്ധ ഫ്രാൻസിസ് നോടും പ്രത്യേകമായി പ്രാര്‍ത്ഥിച്ചു. വിശുദ്ധ ക്ലാര തനിക്കുവേണ്ടി ക്രിസ്തുവിനോട് മാധ്യസ്ഥം പ്രാർത്ഥിച്ചുകൊണ്ട് തന്റ സമീപത്തു നിൽക്കുന്നതായി അവൾക്ക് തോന്നി.

അന്ന് ബ്രീ ഒരു ഉറച്ച തീരുമാനമെടുത്തു. ജീവിതത്തിൽ ഒരു മാറ്റം വേണം. ഒരു വൈദികനെ കണ്ട് ബ്രീ എല്ലാം ഏറ്റു പറഞ്ഞു , ആ വൈദികൻ അവളോട് പറഞ്ഞു. "ദൈവം നിന്നെ സ്നേഹിക്കുന്നു." അവൾ തന്റ ജീവിതത്തിലെ ഏറ്റവും നിർണ്ണയമായ തീരുമാനം എടുത്തു "ഇനിയൊരിക്കലും താൻ അശ്ലീല സിനിമകളിൽ അഭിനയിക്കില്ല". തന്റ ജീവിതം ക്രിസ്തുവിനായി നൽകും. അങ്ങനെ മാർച്ച് 30 ന് ഈസ്റ്റർ കുർബാന മധ്യേ ബ്രീ കാതോലിക്കാ സഭയിൽ നിന്നും മാമ്മോദിസാ സ്വീകരിച്ചു.

വിശ്വാസത്തിൽ വലിയ സമ്പന്നതയുള്ള, പരിശുദ്ധ ത്രിത്വം, പിതാവ്, യേശു, പരിശുദ്ധാത്മാവ്, ദൈവമാതാവായ മറിയം, എല്ലാ തരത്തിലും പ്രചോദിപ്പിക്കുന്ന, വീര, സുന്ദരമായ വിശുദ്ധന്മാർ ഉള്ള , കൂദാശകൾ, ചരിത്രം, പാരമ്പര്യം, എല്ലാം! - ഞാൻ കത്തോലിക്കാ സഭയുമായി സത്യസന്ധമായി പ്രണയത്തിലായി. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് വിശുദ്ധ കുർബാനയാണ്. യേശുവിന്റ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് - ബ്രീ തന്റ വിശ്വാസം ലോകത്തോട് വിളിച്ചു പറഞ്ഞു. ബ്രീ തന്റ സകല സമ്പത്തും സുവിശേഷ വൽക്കരണത്തിനായി നീക്കി വയ്ക്കുന്നു എന്നുള്ള പ്രഖ്യാപനവും നടത്തി.

2. ജോഷ്വ ബ്രൂമെ

തന്റ ജീവിതത്തിലെ മനോഹരമായ ആറ് വർഷങ്ങൾ ഏറ്റവും പൈശാചികമായ അശ്ലീല സിനിമകളിൽ അഭിനയിക്കാനായി മാറ്റിവയ്ക്കുകയും അത്തരം ആയിരത്തോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത വ്യക്തിയാണ് ജോഷ്വ. ജീവിതത്തിലെ ഒരു വഴിത്തിരിവിൽ ബാങ്കിൽ വെച്ച്‌ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ബാങ്ക് മാനേജർ ജോഷ്വായോട് ചോദിക്കുകയാണ് , Excuse me, Joshua, are you okay? Joshua…can I do something for you ? ഈ ചോദ്യം അദ്ദേഹത്തെ മാറ്റിമറിച്ചു. ഇന്ന് അമേരിക്കയിലെ ഇയോവയിൽ ന്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്റർ ആയി അനേകർക്ക് നിത്യജീവവനിലേക്ക് വഴിയൊരുക്കുന്നു.

3. ബ്രിട്നി ഡി ലാ മോറ

ഏഴു വര്‍ഷത്തോളമാണ് ബ്രിട്നി പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചത്. തനിക്ക് പണവും , പ്രശസ്തിയും, ആരാധകരെയും സമ്പാദിക്കാൻ കഴിയുന്ന ഒരേയൊരു വഴി ഇതാണെന്ന് അവൾ വിശ്വസിച്ചു .കാലക്രമേണ അവൾക്ക് മനസ്സിലായി താൻ അനേകരെ തിൻമ്മയിലേക്ക് നയിക്കുന്ന വലിയ പാപമാണ് ചെയ്യുന്നതെന്ന്. ക്രിസ്തു തന്നെ ഒരു മാറ്റത്തിനായി ക്ഷണിക്കുന്നതായി അവൾക്ക് തോന്നി .ബൈബിളിനെ മുറുകെപ്പിടിച്ചുകൊണ്ട് അവൾ തന്നെ ക്രിസ്തുവിന് സമർപ്പിച്ചു. 'ദൈവം എന്റ ജീവിതത്തെ സമൂലമായി മാറ്റിമറിച്ചു' - ബ്രിട്നി പറയുന്നു. ഇന്ന് ഈ മേഖലയിൽ കുടുങ്ങിപ്പോയവർക്ക് വഴി കാട്ടിയാവുകയാണ് മിഷനറിമാരായ ഭർത്താവും രണ്ടു കുട്ടികളുമുള്ള ബ്രിട്നി. വളരെ ആരാധകരുള്ള - Let’s Talk Purity എന്ന podcast നടത്തുകയാണ് അവർ

4 . കെവിൻ കിർച്ചൻ

രാത്രിയിൽ ആളൊഴിഞ്ഞ ഒരു ഗ്രൗണ്ടിൽ ആരില്ലാത്ത സമയത്ത് നിറ തോക്ക് തന്റ വായിലേക്ക് വച്ച് കൊണ്ട് സ്വയം ആത്മഹത്യക്ക് ശ്രമിച്ച സമയത്താണ് ആ അദൃശ്യ സ്വരം കെവിന്റ ചെവിയിൽ മുഴങ്ങിയത് "ഇത് ചെയ്യരുത് , ഞാൻ നിന്നെ സ്നേഹിക്കുന്നു"- കെവിൻ കിർച്ചൻ.

ചെറുപ്പത്തിൽ അച്ഛൻ മരിക്കുകയും അമ്മയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത കെവിൻ അല്പകാലം ദത്തെടുത്ത ഒരു കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് അവിടെ നിന്നും പുറത്തു കടന്ന കെവിൻ ജിമ്മിൽ പോവുകയും, അവിടെ നിന്ന് ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും, അവിടെ വന്നവരിലൂടെ അശ്ലീല സിനിമകളുടെ ലോകത്ത് എത്തിച്ചേരുകയും ചെയ്തു. സെക്സ്, മയക്കു മരുന്ന്, പ്രശസ്തി, പണം എന്നിവയെല്ലാം കെവിനെ തേടിയെത്തി.

നീണ്ട പത്തു വര്ഷത്തോളം കെവിൻ തിൻമയുടെ പാതയിൽ നടന്നു. തന്റ ഉള്ളിൽ അനുഭവപ്പെട്ട ശൂന്യത കെവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. ആത്മഹത്യയുടെ മുനമ്പിൽ നിന്ന് ക്രിസ്തുവിന്റ സ്വരം കേട്ട കെവിൻ തിരികെ ക്രിസ്തുവിലേക്ക് നടക്കാൻ തീരുമാനിച്ചു. ഇന്ന് വിവാഹിതനും വലിയ ഒരു മിഷനറിയും പാസ്റ്ററുമാണ് കെവിൻ കിർച്ചൻ. അദ്ദേഹത്തിന്റ ജീവിത സാക്ഷ്യം അടങ്ങിയ പുസ്തകമാണ് - My Game, My Pain, My Purpose.

5 . ക്രിസ്റ്റൽ ബാസെറ്റ്

"എന്റെ ഭൂതകാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്, ദൈവം എന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു" - ക്രിസ്റ്റൽ ബാസെറ്റ്.

തന്റെ യൗവനത്തിൽ തന്നെ മനോഹരമായ തന്റെ ശരീരത്താൽ ക്രിസ്റ്റൽ യുവാക്കളെ തന്നിലേക്ക് ആകർഷിച്ചിരുന്നു. പതിയെ പതിയെ അവൾ പോൺ ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവച്ചു. പണവും പ്രശസ്തിയും സമ്പാദിക്കാൻ തുടങ്ങി. ഏകദേശം മൂന്ന് ലക്ഷം ഡോളർ വരെ ഒരു വർഷം അവൾ സമ്പാദിച്ചിരുന്നു. തുടരെ തുടരെ നൂറോളം സെക്സ് സിനിമകളിൽ അവൾ അഭിനയിച്ചു.

ആയിടെ ഉണ്ടായ വലിയൊരു കാറപകടം അവളെ ദൈവത്തോടടുപ്പിച്ചു. തന്റ പഴയകാല ജീവിതം ക്രിസ്തു ക്ഷമിക്കുമെന്നും, പുതിയ ഒരു ജീവിതം തനിക്ക് നൽകുമെന്നും അവൾ വിശ്വസിച്ചു. പാസ്റ്റർ ഡേവിഡുമായി വിവാഹിതയായ ക്രിസ്റ്റൽ ഇന്ന് ഡേവിഡുമായി ചേർന്ന് സുവിശേഷവൽക്കരണത്തിന്റ പാതയിൽ അനേകരെ ക്രിസ്തുവിന് വേണ്ടി നേടിക്കൊണ്ടിരിക്കുന്നു.

6 . ക്രിസ്സി ഔട്ട്ലോ

യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന് മുൻപ് ഏകദേശം അൻപതോളം അഡൾട് സിനിമകളിൽ (അശ്ലീല സിനിമകളിൽ ) അഭിനയിച്ച വ്യക്തിയാണ് ക്രിസ്സി. പ്രശ്ന കലുഷിതമായ കുടുംബവും, ദുരുപയോഗപ്പെടലും എല്ലാം ക്രിസ്സിനെ തിന്മയുടെ ലോകത്ത് എത്തിച്ചേരാൻ കാരണമായി. പതിനേഴാം വയസ്സിൽ കോളേജിൽ പഠിക്കുമ്പോൾ സഹപാഠിയിൽ നിന്ന് ഗർഭിണിയാവുകയും അബോർഷന് വിധേയയാവുകയും ചെയ്യേണ്ടി വന്നു.

താമസിയാതെ അശ്ലീല സിനിമ മേഖലയിൽ എത്തിച്ചേർന്ന ക്രിസ്സി പെട്ടന്ന് തന്നെ ആ മേഖലയിൽ പ്രശസ്തയാവുകയും, ഏകദേശം പതിനയ്യായിരം ഡോളർ വരെ ഒരു മാസം സമ്പാദിക്കാനും തുടങ്ങി. പണം വളരെയേറെ സമ്പാദിക്കുമ്പോഴും അവളുടെ ഉള്ളിൽ ശൂന്യതയായിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് അവളോട് ചോദിച്ചു, നീ യേശു ക്രിസ്തുവിനെ അറിയുമോ ? അത് അവളുടെ ജീവിതത്തിൽ വഴിത്തിരിവായി.

ഇന്ന് ക്രിസ്സി രാജ്യമാകെ ചുറ്റി സഞ്ചരിച്ചുകൊണ്ട് തന്റ ജീവിത സാക്ഷ്യം അനേകരിലേക്ക് എത്തിക്കുകയും അതിലൂടെ അനേകം ആത്മാക്കളെ നേടുകയും ചെയ്യുന്നു.

7. തെരേസ കാരി

തന്റ യൗവനം മുതൽ പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചു തുടങ്ങിയ ഒരു ലെസ്ബിയൻ വ്യക്തിയാണ് തെരേസ. ലണ്ടനിൽ ജനിച്ചു വളർന്ന തെരേസ, മോഡലിംഗ് രംഗത്തുകൂടിയാണ് ഈ വലിയ തിന്മയിലേക്ക് കടന്നുവന്നത്. പെന്റഹൗസ്, ഹസ്‌ലർ, പ്ലേബോയ്, തുടങ്ങിയ മാഗസിനുകളിൽ ഫോട്ടോയും വാർത്തയും വന്നതോടെ അവൾ പ്രശസ്തിയിലേക്കുയർന്നു.

പണവും പ്രശസ്തിയും കുമിഞ്ഞു കൂടിയപ്പോഴും തന്റ ഉള്ളിലെ ശൂന്യത അവൾ തിരിച്ചറിഞ്ഞിരുന്നു. നൂറോളം സ്ത്രീകളോടൊപ്പം കിടക്ക പങ്കിടുകയും, 10 വർഷത്തോളം അശ്ലീല സിനിമകളിൽ അഭിനയിക്കുകയും, സ്വന്തമായി പോൺ വെബ്സൈറ്റ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത തന്റെ ജീവിതത്തിൽ ഒരിക്കൽ മുഖാമുഖം പ്രത്യക്ഷപ്പെട്ടു എന്ന് തെരേസ പറയുന്നു.

മൂന്ന് നാല്‌ നിമിഷങ്ങൾ മാത്രം നിലനിന്ന ആ കണ്ടുമുട്ടൽ അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. തന്റ തിന്മയുടെ പഴയകാല ജീവിതം പുറകിലുപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനായി തന്റ ജീവിതവും സമയവും നീക്കി വയ്‌ക്കാൻ അവൾ തീരുമാനിച്ചു. ഇന്ന് കോളേജുകളിലും പള്ളികളിലും മാറിമാറി സഞ്ചരിച്ചു കൊണ്ട് തന്റ ജീവിത സാക്ഷ്യം വഴി ദൈവ രാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുകയാണ് തെരേസ.

8 . കെയ്ത് റിപൾട്ട്

" കുരിശിലേക്ക് ഓടുക, ദൈവം നിങ്ങളെ വീണ്ടെടുക്കാൻ കാത്തിരിക്കുന്നു." - കെയ്ത് റിപൾട്ട്.

അമേരിക്കയിലെ രണ്ടാമത്തെ വലിയ അശ്ലീല സിനിമ വിതരണ കമ്പനി, ലോകത്തിലെ ഏറ്റവും വലിയ അശ്ലീല പുസ്തക നിർമ്മാണ കമ്പനികളിൽ ഒന്ന് ഇവയെല്ലാം സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു കെയ്ത് റിപൾട്ട്. 1980 കളിൽ കാലിഫോര്‍ണിയയിലെക്ക് വെറും 3 ഡോളർ കൊണ്ട് വണ്ടികയറിയ വ്യക്തിയായിരുന്നു റിപൾട്ട്. കുടുംബത്തിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഈ ഒളിച്ചോട്ടത്തിന് കാരണമായത്. ചെറുപ്പം മുതലേ അയാൾ ലഹരിക്ക് അടിമയായിരുന്നു.

ഒരിക്കൽ ബാറിൽ നിന്ന് പരിചയപ്പെട്ട ഒരു വ്യക്തിയിലൂടെയാണ് റിപൾട്ട്, പോൺ ഇൻഡസ്ട്രിയിൽ എത്തിപ്പെടുന്നത്. സ്വന്തമായി തുടങ്ങിയ ചെറിയ ബിസിനസ്സിലൂടെ കോടികളുടെ മൂല്യമുള്ള കമ്പനിയായി അത് മാറാൻ താമസമുണ്ടായിരുന്നില്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ പോൺ കമ്പനി ആയി അവന്റ ഇൻഡസ്ട്രി വളർന്നു. അതോടൊപ്പം മയക്കു മരുന്ന് വ്യാപാരവും. സമ്പത്ത് കുമിഞ്ഞു കൂടി വീടുകളും , കാറുകളും , വസ്തു വകകളും വാരിക്കൂട്ടി, എങ്കിലും ഹൃദയത്തിൽ ഒരു ശൂന്യത അവശേഷിച്ചു.

പന്ത്രണ്ട് വർഷത്തോളം റിപൾട്ട് തന്റ തിന്മയുടെ ബിസിനസ്സുമായി മുന്നോട്ട് പോയി. താമസിയാതെ നിരാശയും, മടുപ്പും അനുഭവപ്പെടാൻ തുടങ്ങി . ഒരിക്കൽ കണ്ടു മുട്ടിയ പാസ്റ്ററിനോട് തന്റ കാര്യങ്ങൾ എല്ലാം അദ്ദേഹം പങ്കുവെച്ചു. എന്നിട്ട് ചോദിച്ചു, താങ്കൾ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ടോ. പാസ്റ്റർ മറുപടി പറഞ്ഞു, " ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്".

പന്ത്രണ്ട് വർഷത്തെ തന്റ തിന്മയുടെ വ്യവസായം ( പോൺ ഇൻഡസ്ട്രി ) ഉപേക്ഷിച്ച റിപൾട്ട്, ഇന്ന് ഒരു അറിയപ്പെടുന്ന പാസ്റ്റർ ആണ്. ഭാര്യ സമാന്തയോടും മക്കളോടുമൊപ്പം സുവിശഷ പ്രചാരണത്തിലൂടെ ആത്മാക്കളെ നേടുകയാണ് ഇന്ന് അദ്ദേഹം.

ഇനിയും ഇത്തരത്തിൽ ജീവിച്ച അനേകരുടെ ജീവിത സാക്ഷ്യങ്ങൾ നമുക്ക് വിവിധ ക്രിസ്ത്യൻ ചാനലുകളിലും, യു ട്യൂബിലും, ഗൂഗിളിലുമെല്ലാം കാണാൻ സാധിക്കും.

പോണോഗ്രഫി ഒരു അടിമത്തമാണ്. അല്പസമയത്തെ ആനന്ദത്തിനുവേണ്ടി ജീവിതാവസാനം വരെ നിലനിൽക്കുന്ന നിരാശയിലക്ക് ഈ തിന്മ നമ്മളെ കൊണ്ടെത്തിക്കും. ഈ അടിമത്തത്തിൽ നിന്ന് യേശു ക്രിസ്തുവിന് മാത്രമേ ഒരാളെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ക്രിസ്തുവിന്റ അളവില്ലാത്ത സ്നേഹത്തിലൂടെ മാത്രമേ ഒരാൾക്ക് ഈ തിന്മയിൽ നിന്ന് രക്ഷപെടാൻ സാധിക്കൂ.എത്ര തിന്മ നിറഞ്ഞ പഴയകാല ജീവിതമുള്ള വ്യക്തിയാണെങ്കിലും ക്രിസ്തുവിന് അയാളെ രക്ഷിക്കാൻ സാധിക്കും. ക്രിസ്തുവിന് മാത്രമേ സാധിക്കൂ.

നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.


Related Articles »