News - 2024
തിരുവോസ്തിക്ക് പകരം പൊട്ടറ്റോ ചിപ്സ്, പിന്നാലെ പ്രതിഷേധം; ഒടുവില്‍ വിവാദ പരസ്യം പിൻവലിച്ച് ഇറ്റാലിയൻ കമ്പനി
പ്രവാചകശബ്ദം 12-04-2024 - Friday
റോം: ശക്തമായ പ്രതിഷേധത്തിനോടുവില്‍ വൈദികൻ തിരുവോസ്തിക്ക് പകരം പൊട്ടറ്റോ ചിപ്സ് ആശീർവദിച്ചു നൽകുന്നതായി രംഗമുള്ള പരസ്യം ഇറ്റാലിയൻ കമ്പനി പിൻവലിച്ചു. അമിക്കാ ചിപ്സിന്റെ പരസ്യം മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാൻ തിങ്കളാഴ്ച ദ ഇറ്റാലിയൻ അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ ലിസണേർസ് (എഐഎആർടി) ആണ് ആവശ്യപ്പെട്ടത്. ഒരു മഠത്തിന്റെ ചുമതലയുള്ള സന്യാസിനി തിരുവോസ്തി സൂക്ഷിക്കുന്ന കുസ്തോതിയില്‍ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കേണ്ട ഓസ്തി നിറയ്ക്കുന്നതിന് പകരം പൊട്ടറ്റോ ചിപ്സ് നിറയ്ക്കുന്നതായിട്ടാണ് പരസ്യത്തിൽ ആദ്യം കാണിക്കുന്നത്.
ഇതിനുശേഷം വൈദികൻ ഒരു പൊട്ടറ്റോ ചിപ്സ് ഒരു സന്യാസിനിക്ക് വിശുദ്ധ കുർബാനയ്ക്ക് പകരം നൽകുന്നതും വിശുദ്ധ കുർബാന സ്വീകരിക്കാൻ എത്തുന്നവർ അത്ഭുതത്തോടെ നോക്കുമ്പോൾ പൊട്ടറ്റോ ചിപ്സ് എടുത്തു നൽകിയ സന്യാസിനി കവറിൽ നിന്നും വീണ്ടും വീണ്ടും അതെടുത്ത് കഴിക്കുന്നതുമായിട്ടാണ് പരസ്യത്തിൽ ഉണ്ടായിരിന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കലാപരമായ യാതൊന്നും ഇല്ലാത്ത പരസ്യത്തിൽ കാഴ്ചക്കാരോടും അവരുടെ ധാർമിക വ്യക്തിത്വത്തിനോടും സംസ്കാരത്തോടുമുള്ള ബഹുമാന കുറവാണ് പരസ്യത്തിൽ ദൃശ്യമായതെന്ന് എഐഎആർടി പറഞ്ഞു.
പരസ്യം ഉടൻ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യം പരസ്യമേഖലയിലെ നിലവാരം നിശ്ചയിക്കുന്ന ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വർടൈസിങ് സെൽഫ് ഡിസിപ്ലിൻ അംഗീകരിച്ചുവെന്ന് എഐഎആർടി അവരുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തി. മറ്റുള്ളവരുടെ സംസ്കാരത്തെയും വിശ്വാസപരമായ വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കാൻ നിർമാതാക്കളോട് എഐഎആർടി അധ്യക്ഷൻ ജിയോവാനി ബാഗിയോ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പും രാജ്യത്തു ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ പുറത്തുവന്നിരിന്നു.