News - 2024

ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പ്രവാചകശബ്ദം 20-04-2024 - Saturday

ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ചേതനയറ്റ അദ്ദേഹത്തിന്റെ മൃതശരീരം രാവിലെ സിഗ്നി എന്ന പ്രദേശത്തിന് സമീപമാണ് കണ്ടെത്തിയത്. ബുർക്കിന ഫാസോയിലെ ഫാഡ ഗൗർമയിലെ സാറ്റെംഗ ഇടവകാംഗമാണ് അദ്ദേഹം. എഡ്വാർഡിനൊപ്പം കൂടുതൽ ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ പ്രത്യേകം ലക്ഷ്യമിടുന്നതിനാൽ ബുർക്കിന ഫാസോയിലെ സുരക്ഷാ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ബുർക്കിന ഫാസോയിലെ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകര്‍ തങ്ങളുടെ ജനങ്ങളുടെ നന്മയ്‌ക്കായി ജീവൻ പണയപ്പെടുത്തി മുൻനിരയില്‍ നിന്നു ശുശ്രൂഷ ചെയ്യുകയാണെന്ന് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ സ്പെയിൻകാരിയായ മരിയ ലൊസാനോ പറഞ്ഞു. എഡ്വാർഡിൻ്റെ മരണം സാറ്റെംഗയിലെ ജനങ്ങൾക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മരിയ ലൊസാനോ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡോറി രൂപതയിലെ എസ്സാകാനെ നഗരത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിരിന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു.

മാലി, ചാഡ്, നൈജർ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ സഹേൽ മേഖലയിലെ പീഡനം അനുഭവിക്കുന്ന നിരവധി രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ബുർക്കിന ഫാസോയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയെയും പൊതുവേ നിരീക്ഷിക്കുന്നത്. ബുർക്കിന ഫാസോയിലെ സഭയെ സഹായിക്കാൻ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സജീവമായി രംഗത്തുണ്ട്. 2023-ൽ രാജ്യത്തെ 56 പ്രോജക്ടുകളിലായി ഏകദേശം 107 മില്യൺ ഡോളറിന്റെ സഹായമാണ് ലഭ്യമാക്കിയിട്ടുള്ളത്.

More Archives >>

Page 1 of 956