News

''നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു''; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

പ്രവാചകശബ്ദം 18-04-2024 - Thursday

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. ഞാൻ അവനോട് പറയുന്നു- "നീ എൻ്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കും". ഇതു ചെയ്യാൻ നിങ്ങളെ അയച്ചവർ ആരായാലും യേശുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ അവരോടും ക്ഷമിക്കുന്നു. എല്ലാവരോടും സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ മനസ്സിലില്ല. കർത്താവായ യേശു ഒരിക്കലും നമ്മെ യുദ്ധം ചെയ്യാനോ പ്രതികാരം ചെയ്യാനോ നമ്മെ പഠിപ്പിച്ചിട്ടില്ലായെന്നും പരസ്പരം പ്രാര്‍ത്ഥിക്കാമെന്നും മാർ മാരി ഇമ്മാനുവേല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തില്‍ ബിഷപ്പിന് നേരെ കത്തിയുമായി അക്രമി പാഞ്ഞെടുത്തത്. ബിഷപ്പ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടലില്‍ പ്രതിയെ ഉടന്‍ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിരിന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണമെന്ന് സിഡ്‌നി പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

More Archives >>

Page 1 of 956